ടെലി വെറ്ററിനറി യൂനിറ്റ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സജ്ജീകരണങ്ങൾ പരിശോധിക്കുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ
കണ്ണൂർ: വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂനിറ്റ് ആംബുലൻസ് ജില്ല മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഫ്ലാഗ് ഓഫ് ചെയ്തു.
മലയോരത്തടക്കം ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും സൗജന്യ സേവനം ആരംഭിച്ചത്. റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി രൂപ ചെലവഴിച്ചാണ് ആധുനിക ആംബുലൻസ് പ്രവർത്തന സജ്ജമാക്കിയത്.
കിടപ്പിലായ മൃഗങ്ങളെ ഉയർത്താനുള്ള കൗ ഫിൽട്ടർ, ഡിജിറ്റൽ എക്സ്റേ മെഷീൻ, ജനറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ട്. പി.ജി ഡോക്ടറും എക്സ്റേ ടെക്നീഷ്യനും ആംബുലൻസിൽ ഉണ്ടാകും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് തുടക്കത്തിൽ സേവനം ലഭിക്കുക. ചികിത്സക്കായി അതതു സ്ഥലങ്ങളിലെ മൃഗാശുപത്രിയുമായാണ് ബന്ധപ്പെടേണ്ടത്. തദ്ദേശസ്ഥാപനങ്ങളിലെ മൃഗഡോക്ടറുടെ നിർദേശം ലഭിച്ചാലായിരിക്കും ജില്ല ആശുപത്രിയിൽ നിന്ന് ആംബുലൻസ് സേവനം ലഭ്യമാക്കുക.
ആംബുലൻസ് യൂനിറ്റെത്തി രോഗനിർണയം കഴിഞ്ഞാൽ തുടർന്നുള്ള ചികിത്സ അതതു സ്ഥലങ്ങളിലെ മൃഗഡോക്ടറുടെ നേതൃത്വത്തിൽ നടക്കും. ഒരേസമയം ഒന്നിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സേവനത്തിന് വിളിച്ചാൽ ആദ്യം വിളിക്കുന്നവർക്കായിരിക്കും മുൻഗണന നൽകുകയെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ജെ. ലേഖ പറഞ്ഞു.
ചടങ്ങിൽ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജാൻസി സി. കാപ്പൻ അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ജെ. ലേഖ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.