1. പ്രചാരണത്തിനിടെ സെൽഫിക്ക് പോസ് ചെയ്യുന്ന എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി 2. വാരം സി.എച്ച് സെന്ററിൽ വോട്ട് അഭ്യർഥിച്ച് യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ
കണ്ണൂർ: ജില്ലയുടെ ഹൃദയഭാഗം കണ്ണൂർ നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ. ചൂട് പോലും വകവെക്കാതെ വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. കെ.പി.സി.സി മുൻ പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ. സുധാകരനിലൂടെ കേരളമൊട്ടാകെ വൻപ്രചാരണം ലഭിച്ച മണ്ഡലമാണ് കണ്ണൂർ. ഒടുവിൽ പാർട്ടിക്ക് വഴങ്ങിയ സുധാകരൻ പ്രചാരണത്തിലും സജീവമാണ്. വികസന നേട്ടങ്ങളും രാഷ്ട്രീയ തർക്കങ്ങളും മുഖ്യ ചർച്ചാവിഷയമാകുന്ന മണ്ഡലത്തിൽ സമൂഹമാധ്യമവും കുടുംബയോഗങ്ങളും റോഡ് ഷോയും കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് പോരാട്ടം വഴിമാറി.
തിലാന്നൂർ മുത്തപ്പൻകാവിൽ മുത്തപ്പന്റെ അനുഗ്രഹം വാങ്ങുന്ന എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥ്
എൽ.ഡി.എഫ് സ്ഥാനാർഥിയായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. ടി.ഒ. മോഹനനും എൻ.ഡി.എ സ്ഥാനാർഥിയായി സി. രഘുനാഥുമാണ് രംഗത്തുള്ളത്. രണ്ടു തവണയായി കോർപറേഷൻ ഭരണം വൻഭൂരിപക്ഷത്തിൽ യു.ഡി.എഫിനൊപ്പമുണ്ടായിട്ടും എൽ.ഡി.എഫിലെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മണ്ഡലത്തിൽ ജയിച്ചു കയറിയത്. ഇത്തവണ മുൻ മേയർ ടി.ഒ. മോഹനനിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കെ. സുധാകരൻ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നും 10 വർഷമായി നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്നും പാർട്ടിക്ക് ഉറപ്പുനൽകിയിരുന്നു. ഇതോടെ മണ്ഡലത്തിൽ ജയിച്ചുകയറൽ ടി.ഒ. മോഹനന് ജീവൻമരണ പോരാട്ടമായി. കഴിഞ്ഞ 10 വർഷത്തെ വികസനങ്ങളാണ് എൽ.ഡി.എഫ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. എൽ.ഇ.ഡി വാഹനങ്ങളിലടക്കം വികസന ഡോക്യുമെന്ററികൾ റോഡിലൂടെ ചീറിപ്പായുന്നുണ്ട്. എന്നാൽ, മണ്ഡലത്തിലെ വികസന മുരടിപ്പ് തുറന്നുകാട്ടിയും മേയറായ സമയത്ത് കോർപറേഷനിൽ നടത്തിയ വികസന പദ്ധതികളും മുൻനിർത്തിയാണ് മോഹനൻ വോട്ട് തേടുന്നത്.
അന്തരിച്ച ഡി.സി.സി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് രണ്ടു തവണയും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ യു.ഡി.എഫ് ക്യാമ്പ് നീങ്ങുമ്പോൾ പ്രായത്തെ തോൽപിച്ച് തന്റെ വികസന നേട്ടങ്ങൾ എണ്ണിെയണ്ണി ജനങ്ങളിലെത്തി വോട്ട് ഉറപ്പിക്കുകയാണ് എൽ.ഡി.എഫ് ക്യാമ്പ്.
പരമ്പരാഗത പ്രചാരണ ശൈലികളെ കടത്തിവെട്ടുന്ന രീതിയിൽ എ.ഐ സാങ്കേതികവിദ്യയാണ് ഇത്തവണ മുന്നണികൾ ഉപയോഗിക്കുന്നത്. സ്ഥാനാർഥികളുടെ പ്രത്യേക സോഷ്യൽ മീഡിയ വിങ്ങുകൾ 24 മണിക്കൂറും സജീവമാണ്. ഡിജിറ്റൽ പോസ്റ്ററുകൾ, വിഡിയോ സന്ദേശങ്ങൾ, വോട്ടർമാരുടെ വ്യക്തിപരമായ വിവരങ്ങൾ വിശകലനംചെയ്തുള്ള തന്ത്രങ്ങൾ എന്നിവ പ്രചാരണത്തിന് പുതിയ നിറം നൽകുന്നു. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മത-സാമുദായിക സ്ഥാപന നേതാക്കളെയും നേരിൽ കണ്ട് അനുഗ്രഹം തേടുന്ന ആദ്യഘട്ടം പൂർത്തിയായി. മണ്ഡലം കൺവെൻഷനുകൾകൂടി കഴിഞ്ഞതോടെ ഇനി ശ്രദ്ധാകേന്ദ്രം നാട്ടിൻപുറങ്ങളാണ്. കോളജുകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥികൾ പ്രചരണത്തിനായെത്തി.
വോട്ടർമാരുടെ വീടുകളിലേക്ക് നേരിട്ടെത്തി വോട്ട് ചോദിക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങളും കുടുംബയോഗങ്ങളും വരുംദിവസങ്ങളിൽ സജീവമാകും. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളും കേന്ദ്രസർക്കാറിന്റെ നയങ്ങളും ഒരുപോലെ ചർച്ചയാകുന്നുണ്ട്. യു.ഡി.എഫ് പാളയത്തിൽനിന്നെത്തിയ എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥ് രണ്ടാംതവണയാണ് കണ്ണൂരിൽ മത്സരിക്കുന്നത്. കോർപറേഷനിൽ നാല് സീറ്റുകളിൽ ബി.ജെ.പിക്ക് ജയിക്കാനായതിൽ ബി.ജെ.പി ക്യാമ്പിൽ വൻ ആത്മവിശ്വാസമാണുള്ളത്. ഒരുകാലത്ത് യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം രണ്ടുതവണ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ, ഇത്തവണ കണ്ണൂരിന്റെ രാഷ്ട്രീയ മനസ്സ് ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നതോടെ പോരാട്ടം കടുക്കും. ഒപ്പം ചൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.