ആറളം പുനരധിവാസ മേഖലയിൽ വളയംചാലിലെത്തിയ
കാട്ടാനയെ വനപാലകർ തുരത്തുന്നു
പേരാവൂർ: ആറളം പുനരധിവാസ മേഖലയിൽ വളയംചാലിൽ കാട്ടാന ഇറങ്ങി മൂന്നു മണിക്കൂറോളം മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സ്കൂളിന് സമീപം ആനയെ കണ്ടത്. വളയംചാൽ വന്യജീവി സങ്കേതത്തിന് സമീപം കമ്യൂണിറ്റി ഹാളിന്റെ പരിസരത്ത് റോഡിലായിരുന്നു കാട്ടാന നിലയുറപ്പിച്ചത്. സ്കൂൾ വിദ്യാർഥികളും ജോലിക്ക് പോകേണ്ടവരും എത്തുന്ന സമയത്ത് ആന റോഡിൽ നിലയുറപ്പിച്ചത് പ്രദേശവാസികളിൽ ആശങ്കക്ക് കാരണമായി.
ആന റോഡിൽ നിലയുറപ്പിച്ച വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ച് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി. അതോടൊപ്പംതന്നെ പ്രദേശവാസികളും തൊഴിലാളികളും ആർ.ആർ.ടിയെ വിവരം അറിയിക്കുകയായിരുന്നു. ആർ.ആർ.ടി െഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ആനയെ നിരീക്ഷണം നടത്തി. മേഖലയിൽ ഇതുവരെ കാണാത്ത പിടിയാനയാണെന്ന് മനസ്സിലായതോടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ആനമതിലിനോട് ചേർന്ന് വഴിയിലൂടെ തന്നെ ആന ബ്ലോക്ക് 10ലെ പൂക്കുണ്ട് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരം കാട്ടാന വഴിയിലൂടെ തന്നെ നീങ്ങി പൂക്കുണ്ട് ഭാഗത്തുവെച്ച് കാട്ടിലേക്ക് കയറുകയായിരുന്നു.
ഒരു മാസം മുമ്പാണ് ബ്ലോക്ക് 10ൽ കാട്ടാനയുടെ ആക്രമണത്തിൽ അനീഷ് എന്ന യുവാവ് കൊല്ലപ്പെട്ടത്. 15 പേരാണ് മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനയെ കാട്ടിലേക്ക് തുരത്താൻ ആർ.ആർ.ടി, ആറളം വന്യജീവി സങ്കേതം, വനം വകുപ്പ് കൊട്ടിയൂർ ഡിവിഷനിലെ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.