കണ്ണൂർ: അവധിക്കാലം മുന്നിൽ കണ്ട് വേറിട്ട നിരവധി പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിനകത്ത് ഇതിനോടകം നിരവധി വിനോദസഞ്ചാര യാത്രയൊരുക്കി വിജയക്കൊടി പാറിച്ചശേഷം നിലവിൽ ഗോവ പാക്കേജുമായാണ് കെ.എസ്.ആർ.ടി.സി രംഗത്തുവന്നിട്ടുള്ളത്. ഏപ്രിൽ 10, 24 തീയതികളിൽ വൈകുന്നേരം ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 13, 27 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ഗോവ പാക്കേജ് തയാറാക്കിയത്.
11ന് രാവിലെ ഗോവയിൽ എത്തിച്ചേർന്ന ശേഷം അഗോഡ ഫോർട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതർ ബീച്ച് എന്നിവ സന്ദർശിച്ച് അന്നേദിവസം ഗോവയിൽ താമസിക്കും. രണ്ടാം ദിനം പൻജിം സിറ്റി, മിരാമർ ബീച്ച്, ഗോവൻ ചർച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദർശിച്ച് രാത്രി കണ്ണൂരിലേക്ക് തിരിക്കും. ഭക്ഷണം ഉൾപ്പെടെയാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
ഏപ്രിൽ രണ്ടിന് കൊച്ചി യാത്രയും ഒരുക്കിയിട്ടുണ്ട്. രാവിലെ കണ്ണൂരിൽനിന്ന് പുറപ്പെട്ട് കൊച്ചിയിൽ നാലു മണിക്കൂർ ആഡംബര ക്രൂയിസിൽ ആഴക്കടലിൽ യാത്രചെയ്യാം. മൂന്നിന് രാവിലെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
സാമ്പത്തിക നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടൊപ്പം കൂടുതൽ ജനകീയമായതിനാലാണ് കെ.എസ്.ആർ.ടി.സി ഇത്തരം വേറിട്ട വിനോദയാത്രാ പാക്കേജുകളടക്കം തുടരുന്നതെന്നും അധികൃതർ അറിയിച്ചു. മറ്റ് യാത്രാ പാക്കേജുകൾ ചുവടെ:
ഗുരുവായൂർ: ഏപ്രിൽ ഏഴിന് രാവിലെ 6.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിഷാരികാവ് ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, പുന്നത്തൂർ കോട്ട ആനത്താവളം എന്നിവ സന്ദർശിച്ച് വൈകുന്നേരം ആറിന് ഗുരുവായൂരിൽ എത്തിച്ചേരും. പ്രത്യേക വരി ഒരുക്കിയതിനാൽ കാത്തുനിൽക്കേണ്ടതില്ല. രണ്ടാം ദിനം തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നീ ക്ഷേത്രങ്ങൾ ദർശിച്ച് വൈകീട്ട് ഏഴിന് കണ്ണൂരിൽ എത്തിച്ചേരും.
മൂകാംബിക - കുടജാദ്രി - മുരുഡേശ്വർ: ഏപ്രിൽ മൂന്ന്, 17 തീയതികളിൽ രാത്രി 8.30ന് പുറപ്പെടുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.