കണ്ണൂർ: വ്യാജ ലോൺ തട്ടിപ്പ് വഴി മാഹി സ്വദേശിയായ യുവതിക്ക് 40,000 രൂപ നഷ്ടമായി. ഇൻസ്റ്റഗ്രാമിൽ എസ്.ബി.ഐ ലോൺ പേജിന്റെ പരസ്യം കണ്ട യുവതി അതിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ് ആപ്പ് പേജാണ് തുറന്നുവന്നത് . തുടർന്ന് വാട്സ് ആപ്പിൽ രണ്ട് ലക്ഷം രൂപ വായ്പ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാൻ കാർഡും ആധാർ കാർഡിന്റെയും ഫോട്ടോയും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.
വായ്പ അംഗീകരിക്കണമെങ്കിൽ 10,000 രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് യുവതി ഈ പണം അയച്ചു കൊടുത്തതിനു ശേഷം വായ്പഅനുവദിച്ചിട്ടുണ്ടെന്നും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങൾ അയക്കാനും ആവശ്യപ്പെട്ടു.
യുവതി അവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ അയച്ചു കൊടുത്തു. ശേഷം അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവുന്നില്ലെന്നും അയച്ചു കൊടുത്ത അക്കൗണ്ട് തെറ്റാണെന്നും അതുകൊണ്ട് പിഴയായി 30,000 രൂപ അടക്കണമെന്നും പറഞ്ഞു.
പിഴ അടച്ചതിനു ശേഷം യുവതിയുടെ അക്കൗണ്ടിൽ ബാലൻസ് എത്ര ഉണ്ടെന്ന് അറിയിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. യുവതി ബാലൻസ് ഒന്നുമില്ലെന്ന് അറിയിച്ചപ്പോൾ അക്കൗണ്ടിൽ മിനിമം ബാലൻസ് 20,0000 വേണമെന്ന് പറഞ്ഞപ്പോഴാണ് ഓൺലൈൻ തട്ടിപ്പാണെന്ന് യുവതിക്ക് മനസ്സിലായത്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണെന്നും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫേസ് ബുക്ക് പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട യുവാവിന് കഴിഞ്ഞദിവസം 41 ലക്ഷം രൂപ നഷ്ടമായിരുന്നു. പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രതവേണം. സമൂഹ മാധ്യമങ്ങളിൽ പരസ്യം കണ്ട് വായ്പ എടുക്കാൻ ശ്രമിക്കുകയോ വായ്പ ആവശ്യത്തിന് പണം കൊടുക്കുകയോ ചെയ്യരുത്. ഫ്ലിപ് കാർട്ടിന്റെയും ആമസോണിന്റെയും അടക്കമുള്ള സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരക്കാരെ പൂർണമായും നിരസിക്കണം.
അംഗീകൃതമല്ലാത്ത വായ്പ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാന് പ്രത്യേക വാട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്കാന് കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.
സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലിലൂടെയും (http://www.cybercrime.gov.in), 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പര്‍ മുഖേനയും പരാതികള്‍ അറിയിക്കാം.
സൈബർ കുറ്റകൃത്യങ്ങളിൽ നിങ്ങൾ ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ നമ്പറിൽ ബന്ധപ്പെടണം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.