കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാകും. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജില്ലയിൽ 170 ബോർഡുകളാണ് മാറ്റിയത്. 87 ബാനറുകളും 73 കൊടികളും നീക്കംചെയ്തു. മൂന്ന് ലക്ഷം രൂപ പിഴയീടാക്കി.
ഒമ്പത് നഗരസഭകളില്‍ ആറുമാസത്തിനിടെ 51 ബോര്‍ഡുകളും 10 ബാനറുകളും 12 ഹോര്ഡിങ്ങുകളുമാണ് നീക്കംചെയ്തത്. 1.40 ലക്ഷം രൂപ പിഴ ചുമത്തി. കോര്‍പറേഷനില്‍ 27 ബോര്‍ഡുകള്‍, രണ്ട് ബാനറുകള്‍, ഒരു കൊടി എന്നിവ നീക്കം ചെയ്യുകയും 1.15 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 71 പഞ്ചായത്തുകള്‍ ഇതേ കാലയളവില്‍ 92 ബോര്‍ഡുകളും 75 ബാനറുകളും 72 കൊടികളും 10 ഹോര്‍ഡിങ്ങുകളും നീക്കംചെയ്തു. 40,000 രൂപ പിഴയീടാക്കി.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. പാതയോരങ്ങളില്‍ കാഴ്ച മറക്കും വിധം ബോര്‍ഡുകളോ ഹോര്‍ഡിങ്ങുകളോ കൊടി തോരണങ്ങളോ സ്ഥാപിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. ഇതിന് പൊലീസ്, വിവിധ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ യോജിച്ചുള്ള പരിശോധന നടത്തും.
നിരോധിത വസ്തുക്കള്‍ക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ, വിവിധ പരിപാടികളുടെ ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞാലുടന്‍ നീക്കം ചെയ്യണം. അല്ലാത്തവ തദ്ദേശ സ്ഥാപനങ്ങള്‍ എടുത്തുമാറ്റിയശേഷം ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ ടി.ജെ. അരുണ്‍, വിവിധ വകുപ്പ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.