കണ്ണൂർ: കാമ്പസുകളിൽ നിന്നും സംരംഭകരെ വാർത്തെടുക്കുന്നതിനായി കണ്ണൂർ സർവകലാശാല രൂപം നൽകിയ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ ഇനി മുതൽ സെക്ഷൻ എട്ട് കമ്പനിയായി പ്രവർത്തിക്കും. വിവര സാങ്കേതിക മേഖലയെയും ഗവേഷണമേഖലയെയും സംരഭങ്ങളായി ഉയർത്താൻ രൂപം നൽകിയ കണ്ണൂർ സർവകലാശാല ഇന്നവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററാണ് കേന്ദ്ര സർക്കാർ അംഗീകാരത്തോടെ സെക്ഷൻ- എട്ട് കമ്പനിയായി ഉയർത്തിയത്.
കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു സർവകലാശാല ബിസിനസ് ഇൻക്യൂബേറ്റർ ആരംഭിക്കുന്നത്. ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ സെക്ഷൻ - എട്ട് കമ്പനിയായി ഉയരുന്നതോടെ വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും ഗവേഷണ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവരുടെ ഗവേഷണങ്ങളോ നൂതന ആശയങ്ങളോ സംരംഭങ്ങളായി രജിസ്റ്റർ ചെയ്യാം.
അതോടൊപ്പം സാമ്പത്തിക സഹായങ്ങൾ, ഗ്രാന്റുകൾ, ഇൻക്യൂബേഷൻ സൗകര്യങ്ങൾ, നെറ്റ് വർക്കിങ്, മെന്ററിങ്, മുതലായ അടിസ്ഥാന ആവശ്യങ്ങൾ സംരംഭകർക്ക് എളുപ്പത്തിൽ ലഭ്യമാകും. സർക്കാർ തലത്തിലുള്ള ധനസഹായങ്ങളും സ്വകാര്യ കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ പോലെയുള്ള സഹായങ്ങളും ഇത്തരം സംരംഭങ്ങൾക്ക് ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ സംരംഭകർക്കാവശ്യമായ പ്രത്യേക ക്ലാസുകളും സർവകലാശാല വഴി നൽകുന്നുണ്ട്. റെഡിഫ് മെയിൽ സ്ഥാപകൻ അജിത് ബാലകൃഷ്ണൻ മുഖ്യ ഉപദേശകനായ സമിതിയാണ് സംരംഭകരുടെ പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകിവരുന്നത്.
സർവകലാശാലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി നടന്നുവരുന്ന വിവിധ സംരംഭ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. 2013 മുതൽ സംസ്ഥാന സർക്കാറിന്റെ സംരംഭക ക്ലബ്, 2015ൽ ബിസിനസ് ഇൻക്യൂബേറ്റർ, 2016ൽ കേരളം സ്റ്റാർട്ട് അപ്പ് മിഷൻ, ഐ.ഇ.ഡി.സി 2021 ൽ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ എന്നീ സ്ഥാപനങ്ങൾ വഴി 60 ലധികം സംരംഭങ്ങൾക്കാണ് സർവകലാശാല പിന്തുണ നൽകിവരുന്നത്.
ഇതിൽ എട്ട് സംരംഭങ്ങൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായി രജിസ്റ്റർ ചെയ്തവയാണ്. ഇത്തരത്തിൽ സർവകലാശാല പുറത്തിറക്കി വിപണനം നടത്തുന്ന ഉൽപ്പന്നമാണ് സർവകലാശാലയുടെ സ്വന്തം കാപ്പിപ്പൊടി ബ്രാൻഡായ യൂണികോഫീ. ബിസിനസ് ഇൻക്യൂബേറ്ററിന്റെ മറ്റൊരു സംരംഭമായ സ്മാർട്ട് ഫാമിങ് ഇനീഷ്യേറ്റിവ് നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.
ഉടനെ വിളവെടുക്കാൻ പോകുന്ന ബയോ ഫ്ലോക്ക് മത്സ്യ കൃഷിയാണ് ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററിന്റെ പുതിയ സംരംഭം.
മാനേജ്മെന്റ് പഠനവകുപ്പ് മേധാവി പ്രഫ. യു. ഫൈസൽ തലവനായും സർവകലാശാല രജിസ്ട്രാർ പ്രഫ. ജോബി കെ.ജോസ്, ഫിനാൻസ് ഓഫിസർ പി. ശിവപ്പു, ഡോ. ജോസഫ് ബെനവൻ, ഐ.ടി. പഠനവകുപ്പ് മേധാവി ഡോ. എൻ.എസ്. ശ്രീകാന്ത്, ഡോ. സൂരജ് എം.ബഷീർ, കെ. അനീഷ് കുമാർ എന്നിവർ അംഗങ്ങളുമായിട്ടുള്ള സമിതിയാണ് ഇൻക്യൂബേറ്ററിന്റെ ഭരണനിർവഹണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.