വിളകളെല്ലാം നശിപ്പിച്ചു; ഒടുവിൽ കർഷക മണ്ണിൽ അന്ത്യം

ശ്രീകണ്ഠപുരം: കർണാടക വനത്തിൽ നിന്ന് കൂട്ടമായിറങ്ങി തിമിർത്തുനടന്ന കാട്ടാനക്കൂട്ടം നശിപ്പിച്ചത് കർഷക സ്വപ്നങ്ങൾ. ഒടുവിൽ വൈദ്യുതാഘാതമേറ്റ് പിടഞ്ഞുവീണ പിടിയാനയുടെ അന്ത്യം കർഷക മണ്ണിൽതന്നെ. തിങ്കളാഴ്ച രാത്രി പയ്യാവൂർ ചന്ദനക്കാംപാറ നറുക്കുംചീത്തയിലാണ് കാട്ടാനക്കൂട്ടമിറങ്ങി ഭീതിപരത്തി കൃഷി നാശംവിതച്ചത്. കുന്നിൽ നിന്നിറങ്ങി വരുന്നതിനിടെ പിടിയാന വെട്ടുകാട്ടിൽ സജ​ൻെറ കൃഷിയിടത്തിലെ വൈദ്യുതി തൂണിലിടിച്ചതോടെ തൂണും ലൈനും നിലംപതിക്കുകയായിരുന്നു. തുമ്പിക്കൈ ലൈനിൽ തട്ടിയാണ് ആന ചെരിഞ്ഞത്.
വിളകളെല്ലാം നിരന്തരം നശിപ്പിച്ചിട്ടും തന്‍റെ ഭൂമിയിൽ ആനയെ അടക്കം ചെയ്യുന്നതിന് തടസ്സമില്ലെന്ന് കർഷകനായ വെട്ടുകാട്ടിൽ സജൻ സമ്മതിക്കുകയായിരുന്നു. കണ്ണൂർ ഡി.എഫ്.ഒ കാർത്തിക് ഉൾപ്പെടെ സ്ഥലത്തെത്തിയ ശേഷമാണ് ആനയുടെ മൃതദേഹം വൈകീട്ടോടെ സജന്‍റെ കൃഷിയിടത്തിൽതന്നെ യന്ത്രമുപയോഗിച്ച് വലിയ കുഴിയെടുത്ത് അടക്കം ചെയ്തത്.തിങ്കളാഴ്ചയിറങ്ങിയ 12 ആനകൾ സജന്‍റെതടക്കംനിരവധി കർഷകരുടെ വാഴ, കപ്പ, കശുമാവ് ഉൾപ്പെടെയുള്ള വിളകളാണ് നശിപ്പിച്ചത്. സജന്‍റെ അയൽവാസിയായ മുള്ളംകുഴിയിൽ ജോസഫിന്‍റെ വീടിനോടുചേർന്ന സ്ഥലത്തെ മരച്ചീനി കൃഷി പൂർണമായും നശിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ചിറ്റാരി, ഏലപ്പാറ, ആടാംപാറ, നറുക്കും ചീത്ത, ഷിമോഗ എന്നിവിടങ്ങളിലെല്ലാം കാറ്റിലും മഴയിലും നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വഞ്ചിയത്തും മുന്നൂർകൊച്ചിയിലും ചീത്തപ്പാറയിലും ഉരുൾപൊട്ടിയും കൃഷി നാശമുണ്ടായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ താണ്ഡവമാടിയത്. .......
പ്രദേശവാസികളായവരെ വനപാലകരായി നിയമിക്കണം
ശ്രീകണ്ഠപുരം: കാട്ടാനശല്യം നേരിടാൻ വനാതിർത്തിയോടുചേർന്ന ഗ്രാമങ്ങളിലുള്ളവരെ വനപാലകരായി നിയമിക്കണമെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് വനാതിർത്തിയോടുചേർന്നുള്ള സ്ഥലങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവും. കാട്ടാനകൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളും ഇവർക്ക് അറിയാനാകും. മാത്രമല്ല, ജനങ്ങൾ ആവശ്യപ്പെടുമ്പോഴൊക്കെ ഇത്തരക്കാർക്ക് വേഗത്തിൽ സ്ഥലത്ത് എത്തിച്ചേരാനാകും. നറുക്കുംചീത്തയിൽ കൃഷി നശിച്ചവർക്ക് ഉടൻ നഷ്​ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് സാജു സേവ്യർ പറഞ്ഞു.
Tags:    
News Summary - elephent death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.