പൾസ് പോളിയോ: ജില്ലയിൽ നാളെ 1,82,052 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകും

കണ്ണൂർ: പൾസ് പോളിയോ ഒന്നാംഘട്ടത്തിൽ ഞായറാഴ്ച ജില്ലയിലെ അഞ്ചു വയസ്സിൽ താഴെയുള്ള 1,82,052 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. 3783 ബൂത്തുതല വളന്റിയർമാരുടെയും 621 സൂപ്പർവൈസർമാരുടെയും മെഡിക്കൽ ഓഫിസർമാരുടെയും നേതൃത്വത്തിലാണ് വാക്സിൻ നൽകുക. തിരഞ്ഞെടുക്കപ്പെട്ട 1,880 ബൂത്തുകളും 48 ട്രാൻസിറ്റ് ബൂത്തുകളും 98 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. പൾസ് പോളി​യോയുടെ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം അന്നേദിവസം രാവിലെ ജില്ല ആശുപത്രിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ആർ.സി.എച്ച് ഓഫിസർ ഇൻ ചാർജ് ഡോ. ബി. സന്തോഷ്, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ.എം. പ്രീത എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡി.എം.ഒ ഡോ. നാരായണ നായ്ക് അധ്യക്ഷത വഹിക്കും. ജില്ലയിലെ അഞ്ചുവയസ്സിനു താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകണം. ജില്ലതലത്തിൽ കലക്ടർ ചെയർമാനായിട്ടുള്ള ഇന്റർ സെക്ടറൽ യോഗങ്ങൾ, ജില്ലതല ഓഫിസർമാരുടെയും ഫീൽഡ് ജീവനക്കാരുടെയും വളന്റിയർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനങ്ങൾ എന്നിവ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങൾ, സബ് സെന്ററുകൾ, അംഗൻവാടികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ, സ്വകാര്യ ആശുപത്രികൾ, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ ബൂത്തുകൾ സജ്ജമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.