പാനൂർ താലൂക്കാശുപത്രി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു

പാനൂർ: പാനൂർ താലൂക്കാശുപത്രി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നെന്ന് ആരോപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2014ൽ ആശുപത്രി സ്ഥലമെടുപ്പ് കമ്മിറ്റി ജനകീയ ധനസമാഹരണത്തിലൂടെ സമാഹരിച്ച ഒന്നരക്കോടിയോളം രൂപയുടെ ഓഡിറ്റ് ചെയ്ത കണക്കുകളും ബാങ്ക് സ്റ്റേറ്റ്മൻെറും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു. ഇതിനെതിരെ ജനരോഷം ഉയർന്നതിനാലാണ് കഴിഞ്ഞദിവസം നിരവധി ദുരൂഹതകളോടെ ഒരു പ്രസ്താവന പുറത്തുവിട്ടത്. ഇതും ഇവർ 2019ൽ വിജിലൻസിന് നൽകിയ മൊഴികളും തീർത്തും വ്യത്യസ്ഥമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ ഉൾപ്പെട്ടതാണ് ഈ അഴിമതി. ഏഴ് വർഷം കഴിഞ്ഞിട്ടും ആശുപത്രിക്ക് സ്ഥലം വാങ്ങാത്തതും ജനങ്ങളിൽനിന്ന് പിരിച്ച തുകയുടെ വിശ്വസനീയമായ കണക്ക് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതിലും മുൻ മ​ന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.പി. മോഹനൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ ഭരണ-പ്രതിപക്ഷം സയാമീസ് ഇരട്ടകളായി പ്രവർത്തിക്കുകയാണ്. 'സ്ഥലമെടുപ്പ് അഴിമതി പുറത്തുകൊണ്ടുവരണം സൗകര്യപ്രദമായ ആശുപത്രിയും വേണം' ഈ മുദ്രാവാക്യമുയർത്തി ജനകീയ ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭപരിപാടികൾ മേയ് 10ന് വൈകീട്ട് നാലിന് പാനൂർ ബസ് സ്റ്റാൻഡിൽ പ്രമുഖ പൗരാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി രക്ഷാധികാരി കെ. നാണു, ഇ. മനീഷ്, വി.പി. ജിതേഷ്, സുരേഷ് പാറേങ്ങാട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.