നാശഭീഷണിയിലായ ഏഴോം മുട്ടുകണ്ടി റിവർവ്യൂ പാർക്ക്
പഴയങ്ങാടി: ടൂറിസം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ ആസൂത്രണമില്ലായ്മകൊണ്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും ഫലപ്രദമായി ഉപയോഗപ്പെടുത്താതെയും നാശമടയുന്നു. ഏഴോം മുട്ടുകണ്ടി പുഴയോരത്ത് നിർമിച്ച റിവർ വ്യൂ പാർക്ക് തുരുമ്പിച്ചും പലകകൾ ഇളകിയും തകർച്ചയിലാണ്. 90 ലക്ഷം രൂപ ചെലവഴിച്ച് 2016ലെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നിർമിച്ചത്.
മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ ബോട്ട് റേസ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റാറന്റ് പ്രവൃത്തിയും മറ്റും നടത്തിയത്. 2.87 കോടി രൂപയാണ് ഈ പദ്ധതികൾക്കായി സർക്കാർ അനുവദിച്ചത്. അനുബന്ധമായി പണിത റിവർ വ്യൂ പാർക്കാണ് ഉദ്ഘാടനത്തിന് മുമ്പേ നാശഭീഷണിയുയർത്തുന്നത്. പുഴയുടെ മനോഹാരിത ആസ്വാദനലക്ഷ്യമായെടുത്ത് നിർമിച്ച പാർക്കിലെ വിളക്കുകൾ ദിവസങ്ങൾക്കുള്ളിൽതന്നെ അണഞ്ഞിരുന്നു. പിന്നെ ഇവ പ്രകാശിച്ചില്ല. വിളക്കുകൾ ഒന്നൊന്നായി ആറ് മാസത്തിനകം നിലം പതിക്കയായിരുന്നു.
വിനോദത്തിനെത്തുന്നവർക്കായി ഇരിപ്പിടങ്ങളും മഴ കൂടാരങ്ങളും വള്ളംകളി വീക്ഷിക്കാനുള്ള സൗകര്യവുമൊക്കെയൊരുക്കിയ മേഖലയിൽ സായാഹ്നങ്ങളിൽ ആസ്വാദനത്തിനെത്തുന്നവർ നിരവധിയാണ്. വള്ളം കളി കാണാനുള്ള വേദിയുടെ മരപ്പലകകൾ തകർന്നിട്ട് മാസങ്ങളായി. ശുചിമുറി നിർമിച്ചത് ഇനിയും തുറന്നുകൊടുത്തിട്ടില്ല. രണ്ടു വർഷം മുമ്പ് ഡി.ടി.പി.സിയുടെ നിയന്ത്രണത്തിൽ ലഘു ഭക്ഷണശാല തുറന്നിരുന്നെങ്കിലും അതിവേഗം അത് പൂട്ടുകയുംചെയ്തു. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട േഫ്ലാ ട്ടിങ് റസ്റ്റാറന്റ് ഒരു ചായക്കടയിലൊതുങ്ങുന്നു.
മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പട്ടുവം മുതുകുട, താവം, മാട്ടൂൽ സെൻട്രൽ, വാടിക്കൽ, ചെറുകുന്ന്, പഴയങ്ങാടി എന്നീ എട്ട് ബോട്ട് ടെർമിനലുകൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ കോടികൾ ചെലവഴിച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ലക്ഷ്യമിട്ട് നിർമിച്ച ടെർമിനലുകൾ നോക്കുകുത്തികളാണ്. ജെട്ടികളിൽ പലതും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറുന്നതായും പരാതികളുണ്ട്. ഒരു കോടി മുതൽ മൂന്ന് കോടി രൂപ വരെ ചെലവഴിച്ച ബോട്ട് ജെട്ടികളുണ്ട്. മിനുക്കുപണികളടക്കം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തവയടക്കമുണ്ടെങ്കിലും വർഷങ്ങളായിട്ടും ബോട്ടുകളെത്തിയില്ലെന്ന് മാത്രമല്ല ബോട്ട് സർവിസിന്റെ പദ്ധതിയെ കുറിച്ച വിദൂര വാഗ്ദാനങ്ങൾപോലും ഇപ്പോളില്ല. മലബാർ റിവർ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി സാധ്യതകളുള്ള മേഖലയാണ് റിവർ വ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നതടക്കമുള്ള പുഴയോര മേഖലകൾ.
കോടികൾ വാരിവിതറിയ നിർമാണ പ്രവർത്തനങ്ങൾകൊണ്ട് ആർക്കും ഉപകാരമില്ലാതാവുകയും കോടികളുടെ പദ്ധതികൾ അനാഥമാവുകയും ചെയ്യുമ്പോഴും അധികൃതർ പൂർണ നിസ്സംഗതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.