നിതിനെ കുടുക്കിയ ലോൺ ആപ്പിൽ സംസ്ഥാനത്ത് വായ്പയെടുത്തത് ആയിരം പേർ

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ഡെന്റൽ വിദ്യാർഥി നിതിൻരാജിനെ കുടുക്കിയ ലോണ്‍ ആപ്പ് സംഘം ഉപയോഗിച്ചത് ആധുനിക സാങ്കേതികവിദ്യ. ഐ.ടി പാര്‍ക്കിന് സമാനമായ ഓഫിസാണ് ലോണ്‍ ആപ്പ് സംഘം ഉപയോഗിച്ചിരുന്നത്. ഉത്തര്‍പ്രദേശ് നോയിഡ സെക്ടര്‍ രണ്ടില്‍ പ്രവര്‍ത്തിക്കുന്ന വി.പി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. 40ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇവിടെനിന്നായിരുന്നു. ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ആധുനികരീതിയിലുള്ള ഓഫിസ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിന് ബോര്‍ഡില്ല. മൊബൈല്‍ ഫോണിന് പകരം ആളുകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നത് സിം ബോക്‌സുകളാണ്.

ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ അവകാശമില്ല. ഒരേസമയം 32 സിം കാര്‍ഡ് ഉപയോഗിക്കാനും അവരുമായി ബന്ധപ്പെടാനും ഈ ബോക്‌സ് വഴി കഴിയും. പിടിയിലായ മൂന്നുപേരും ഇവിടത്തെ പ്രധാന ജീവനക്കാരാണ്. സ്ഥാപന ഉടമകളെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഈ ലോണ്‍ ആപ്പ് വഴി 40,000 പേര്‍ വായ്പയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ കേരളത്തില്‍നിന്നുള്ള ആയിരത്തിലധികം പേരുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള പത്ത് പേര്‍ ഈ ആപ്പില്‍നിന്ന് വായ്പയെടുത്തിട്ടുണ്ട്. മരിച്ച നിതിൻ രാജ് 15,000 രൂപയാണ് ഇവരിൽനിന്ന് വായ്പയായി എടുത്തത്. അതില്‍ 13,000 രൂപ മാത്രമാണ് നിതിന്‍രാജിന്റെ അക്കൗണ്ടിലെത്തിയത്. വായ്പ തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ലോണ്‍ ആപ്പുകാരുടെ കണക്കില്‍ ഇപ്പോള്‍ അത് 39,500 രൂപയായിട്ടുണ്ട്.

ഡെന്റല്‍ കോളജ് അധ്യാപിക ഏഴോം കൊട്ടിലയിലെ ലത ശശിധരന്‍ സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. 24 മണിക്കൂറിനുള്ളില്‍ ലോണ്‍ ആപ്പ് സംഘത്തെ അതിസമർഥമായി പിടികൂടാനായത് പൊലീസിന് വലിയ നേട്ടമായി. ലോൺ ആപ്പ് തട്ടിപ്പിൽ ജില്ലയിലെ ആദ്യ അറസ്റ്റ് കൂടിയാണിത്. അതേസമയം, ആത്മഹത്യ പ്രേരണ കേസിൽ പ്രതികളായ അധ്യാപകർ ഉടൻ വലയിലാവുമെന്നാണ് സൂചന.

Tags:    
News Summary - Thousands of people in the state took loans from the loan app that trapped you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.