കുയ്യാലിയിൽ ടിപ്പർ ലോറികൾ കത്തിച്ചു

തലശ്ശേരി: കുയ്യാലി പുഴയോരത്തെ ഒഴിഞ്ഞസ്ഥലത്ത് മണൽ കയറ്റാൻ നിർത്തിയിട്ട രണ്ട് ടിപ്പർ ലോറികൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ തലശ്ശേരിയിൽനിന്ന് മുങ്ങിയതായി സൂചന. തൃശൂർ സ്വദേശിയായ ഇയാൾ മത്തിക്കാവിനടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് എരഞ്ഞോളി പാലത്തിനടുത്ത് താമസിക്കുന്ന വിജേഷിന്റെ രണ്ട് മിനി ലോറികൾക്ക് തീയിട്ടത്. ഒരു ലോറിയുടെ കാബിൻ ഉൾപ്പെടെ മുൻഭാഗം പൂർണമായും മറ്റേ ലോറിയുടെ സീറ്റും വാതിലുമാണ് കത്തിയത്. എം. സാൻഡ് മണൽ കയറ്റാനായി ഇവിടെ വാടകക്ക് എടുത്ത സ്ഥലത്താണ് ലോറികൾ നിർത്തിയിട്ടിരുന്നത്. കത്തിയ ലോറികൾക്ക് തൊട്ടടുത്തായി വലിയ മറ്റൊരു ലോറിയുമുണ്ടായിരുന്നു. ഇതിലെ ഡ്രൈവറാണ് ടിപ്പറുകൾ കത്തുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പെട്രോൾ ഒഴിച്ച് തീവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടിപ്പർ ലോറി ഉടമ വിജേഷും തൃശൂർകാരനുമായി നേരത്തെ പ്രശ്നങ്ങൾ നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ലോറിക്ക് തീയിട്ടതെന്ന് സംശയിക്കുന്നു. തലശ്ശേരിയിൽനിന്ന് മുങ്ങിയ പ്രതി തൃശൂരിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. -------------------- പടം.... തലശ്ശേരി കുയ്യാലിയിൽ അഗ്നിക്കിരയാക്കിയ ടിപ്പർ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.