കേന്ദ്രവിഹിതം നോക്കിയിരുന്നാൽ കേരളം പാപ്പരാകും- കോടിയേരി

കണ്ണൂർ: കേന്ദ്രവിഹിതം അടിക്കടി വെട്ടിക്കുറക്കുന്ന സാഹചര്യത്തിൽ കേരളം പുതിയ ധനാഗമന മാർഗങ്ങൾ തേടണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരളം പടുത്തുയർത്താൻ കാശ്‌ വേണം. കേന്ദ്രത്തിൽ നിന്നും അർഹമായ വിഹിതം പോലും കിട്ടുന്നില്ല എന്ന്‌ മാത്രമല്ല ഇനിയും വലിയ കുറവ്‌ പ്രതീക്ഷിക്കാം. അതുകൊണ്ട്‌ കേന്ദ്ര വിഹിതം നോക്കിയിരുന്നാൽ കേരളം പാപ്പരാകുമെന്നും ഈ സാഹചര്യത്തിൽ സ്വകാര്യ സംരംഭങ്ങളെയും പ്രയോജനപ്പെടുത്തേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 'നവകേരളവും ഇടതുപക്ഷ സർക്കാറുകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്‌ബി വഴി 70,000 കോടി രൂപയുടെ പ്രവർത്തനമാണ്‌ സംഘടിപ്പിച്ചത്‌. ഇത്തരത്തിൽ പുതിയ രീതികൾ അവലംബിക്കണമെന്നും കോടിയേരി പറഞ്ഞു. അസാധ്യമെന്ന്‌ കരുതിയത്‌ സാധ്യമാക്കിയാണ്‌ ഒന്നാം പിണറായി സർക്കാർ ഭരണം പൂർത്തിയാക്കിയത്. നാടിന്റെ വികസനം ഉറപ്പാക്കുന്നതിനൊപ്പം പരമ ദരിദ്രരെ കരകയറ്റുകയാണ്‌ എൽ.ഡി.എഫ്‌ സർക്കാറിന്റെ പ്രധാന ലക്ഷ്യം. മൂന്നാം ഇടതുപക്ഷ സർക്കാർ വരാനുള്ള സാധ്യത മുന്നിൽകണ്ടാണ്‌ പ്രതിപക്ഷം കുത്തിത്തിരിപ്പിനിറങ്ങിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി. തോമസ് എം.എൽ.എ, കെ. ശാന്തകുമാരി എം.എൽ.എ എന്നിവരും സംസാരിച്ചു. പി. ബാലൻ അധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ. ശശിധരൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.