പരസ്യ മദ്യപാനം; കർശന നടപടിയെന്ന്​ താലൂക്ക് വികസന സമിതി

പയ്യന്നൂർ: മയക്കുമരുന്നിനും പരസ്യമദ്യപാനത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും സമീപകാലത്ത് നിരവധി കേസുകൾ എടുത്തിട്ടുണ്ടെന്നും എക്സൈസ്, പൊലീസ് വകുപ്പുകൾ ബുധനാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. താലൂക്കിന്റെ പരിധിയിലെ നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. പാതയോരത്ത് വകുപ്പിനു കീഴിൽ നിരവധി പണികൾ നടക്കുന്നുണ്ടെന്നും ഇവയിൽ മുടങ്ങിക്കിടന്ന സ്വാമി മുൻ എത്തർ റോഡ്, പയ്യന്നൂർ അന്നൂർ റോഡ് എന്നിവ അടുത്തയാഴ്ച തന്നെ പുനരാരംഭിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ യോഗത്തെ അറിയിച്ചു. കോവിഡ് മൂലം മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയില്ലാത്തത് യോഗത്തിൽ പ്രതിഷേധത്തിനിടയാക്കി. മേൽ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് മറുപടിപറയാൻ സാധിക്കാത്തതിൽ യോഗം അതൃപ്തി അറിയിച്ചു. എം.പി ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാണെന്നും എന്നാൽ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താൽപര്യം കാണിക്കുന്നില്ലെന്നും എം.പിയുടെ പ്രതിനിധി കെ. ജയരാജൻ യോഗത്തെ അറിയിച്ചു. എന്നാൽ, ഇതു സംബന്ധിച്ച് ഒരു വിവരവും ഗ്രാമപഞ്ചായത്തുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ സൂചിപ്പിച്ചു. പയ്യന്നൂർ സബ് കോടതിക്ക് മുന്നിലുള്ള ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടർന്നു വരുന്നതായി ജല അതോറിറ്റി പ്രതിനിധി യോഗത്തെ അറിയിച്ചു. അടുത്ത വികസന സമിതി യോഗം അടുത്ത മാസം ഏഴിന് ചേരുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.