ശ്രീകണ്ഠപുരം നഗരസഭ ബജറ്റ്: സമ്പൂർണ കുടിവെള്ളപദ്ധതിക്ക് ഒരു കോടി രൂപ

ശ്രീകണ്ഠപുരം: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി സമ്പൂർണ കുടിവെള്ളപദ്ധതി നടപ്പാക്കാൻ ഒരു കോടി രൂപ വകയിരുത്തി ശ്രീകണ്ഠപുരം നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 47.66 കോടി രൂപ വരവും 46.49 കോടി രൂപ ചെലവും 1.16 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ. ശിവദാസൻ അവതരിപ്പിച്ചത്. ശ്രീകണ്ഠപുരം നഗരവികസനത്തിന് 25 ലക്ഷം രൂപയും നഗരസഭയിലെ നെൽകൃഷി വികസനത്തിനായി 21.5 ലക്ഷം രൂപയും വകയിരുത്തി. വേളായിൽ കൃഷിഭവൻ ഓഫിസ് നിർമിക്കുന്നതിന് 15 ലക്ഷവും അംഗൻവാടികളിലെ അനുപൂരക പോഷകാഹാര പദ്ധതി നടപ്പാക്കുന്നതിന് 40 ലക്ഷവും അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷവും അനുവദിച്ചു. ഭവനപുനരുദ്ധാരണത്തിന് 60 ലക്ഷവും പട്ടികജാതിക്കാരുടെ ഭവനപുനരുദ്ധാരണത്തിന് 12 ലക്ഷവും മാറ്റിവെച്ചു. തെയ്യം കലാകാരൻമാർക്ക് അണിയലുകളും വാദ്യോപകരണങ്ങളും വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ നീക്കിവെച്ചു. ശ്രീകണ്ഠപുരത്തിന്റെ സാംസ്കാരികവും ചരിത്രവും കാർഷികപ്പെരുമയും ജനങ്ങളിലെത്തിക്കാൻ 'ഉണർവ് - 23' എന്ന പേരിൽ ഒരു മേള നടത്തും. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. റോഡുകൾ നവീകരിക്കുന്നതിനായി മൂന്ന് കോടി രൂപയും നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നവീകരണത്തിന് 25 ലക്ഷം രൂപയും തെരുവോരങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും നീക്കിവെച്ചു. ചക്ക ഉൽപാദനത്തിൽ മാറ്റം ലക്ഷ്യമാക്കി എല്ലാ വീട്ടിലും രണ്ട് വിയറ്റ്നാം പ്ലാവിൻ തൈകൾ നൽകും. ഇതിന് ആറ് ലക്ഷം രൂപയും വകയിരുത്തി. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് - 60 ലക്ഷം, കേര വികസനപദ്ധതി -10 ലക്ഷം, ഷീ ടോയ്‍ലറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം, പാടശേഖരങ്ങളിൽ ട്രില്ലർ വിതരണം - ആറ് ലക്ഷം, വയോജന വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന് - 20 ലക്ഷം, മത്സ്യകൃഷി പദ്ധതി -അഞ്ച് ലക്ഷം, അഗതി ഷെൽട്ടർ സ്ഥാപിക്കുന്നതിന് - ആറ് ലക്ഷം, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിന് -20 ലക്ഷം, നഗരസഭ സ്റ്റേഡിയം നവീകരണത്തിന് - 10 ലക്ഷം, പഴയങ്ങാടി ഗവ. യു.പി സ്കൂൾ ഗ്രൗണ്ട് നിർമാണം - ആറ് ലക്ഷം, നഗരസഭക്ക് ആംബുലൻസ് വാങ്ങുന്നതിന് - 15 ലക്ഷം, വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിന് - അഞ്ച് ലക്ഷം, ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനും രോഗികൾക്ക് സഹായം നൽകുന്നതിനും - 18 ലക്ഷം, ആയുർവേദ ആശുപത്രി കെട്ടിടനിർമാണം - 10 ലക്ഷം, റോഡുകളിൽ ഡ്രെയ്നേജ് നിർമിക്കുന്നതിന് - 40 ലക്ഷം എന്നീ പദ്ധതികൾക്കും തുക വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.