ഗതാഗതക്കുരുക്കിൽ നാടും നഗരവും; മൂന്നാംനാളും വലഞ്ഞ് ജനം

കണ്ണൂർ: സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാരുടെ ദുരവസ്ഥ ഇരട്ടിച്ചു. ആവശ്യത്തിന് കെ.എസ്.ആർ.ടി.സിയും സമാന്തര സർവിസുകളും ഇല്ലാത്തത് പലയിടത്തും യാത്രാപ്രതിസന്ധി സൃഷ്ടിച്ചു. സാധാരണ ഓടുന്ന സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി അയച്ചത്. പുതിയ റൂട്ടിൽ സർവിസ് നടത്തിയാൽ ലാഭമുണ്ടാകില്ലെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിക്ക്. തിരക്കുള്ള രാവിലെയും വൈകീട്ടും പോലും സമാന്തര സർവിസുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഓടുന്നത്. അമിത തുക ഈടാക്കുന്നതായും പരാതിയുണ്ട്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ തിക്കും തിരക്കുമാണ്. ആവശ്യത്തിന് ജനറൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ട്രെയിനിനെയും ആശ്രയിക്കാനാവില്ല. മലയോര മേഖലയിലാണ് കാര്യമായ പ്രതിസന്ധി. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. രാത്രി സമാന്തര സർവിസുകളും ഓടാത്തതിനാൽ വലിയ തുകക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൂടുതൽ ട്രിപ്പുകൾ ഓടിക്കണമെങ്കിൽ ആവശ്യത്തിന് ബസും ജീവനക്കാരും കെ.എസ്.ആർ.ടി.സിക്കില്ല. റെക്കോഡ് വരുമാനമാണ് കണ്ണൂർ ഡിപ്പോയിലുണ്ടായത്. 19.50 ലക്ഷം രൂപ കഴിഞ്ഞദിവസം ലഭിച്ചു. സാധാരണ ദിവസങ്ങളിൽ ഇത് ശരാശരി 12 ലക്ഷമാണ്. 83 സർവിസുകൾ അയച്ചു. പയ്യന്നൂർ ഡിപ്പോയിൽ 59 സർവിസു​കളാണ് ഓടിയത്. വരുമാനം 11.50 ലക്ഷം കടന്നു. തലശ്ശേരിയിൽ 47 സർവിസുകൾ ഓടിയപ്പോൾ 9.85 ലക്ഷം വരുമാനമായി ലഭിച്ചു. സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ എല്ലാവരും സ്വകാര്യ വാഹനവുമായി റോഡിലിറങ്ങിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കണ്ണൂർ നഗരത്തിലെ കുരുക്ക് താഴെചൊവ്വ മുതൽ പുതിയതെരുവരെ നീണ്ടു. ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ് നഗരങ്ങളെല്ലാം കുരുക്കിലമർന്നു. ബസ് സമരം അവസാനിപ്പിക്കാൻ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് യാത്രക്കാരിൽനിന്ന് ഉയരുന്നത്. സമാന്തര സർവിസുകളിലെ യാത്രക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുകയാണ്. ബസുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് വാങ്ങുന്നത്. കൂടുതൽ കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ദേശീയപാതയിൽ മാത്രമാണ് ഇത് യാത്രക്കാർക്ക് ഉപകാരപ്പെടുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് വാഹനം ലഭിക്കുന്നത്. photo: giri 100 കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.