പയ്യാമ്പലം ബീച്ചിലെ മാലിന്യം ശുചീകരിക്കാൻ നടപടി

പടം -payyambalam visit -മേയറുടെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്പലം ബീച്ച്​ സന്ദർശിച്ചപ്പോൾ കണ്ണൂർ: പയ്യാമ്പലം ബീച്ചിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനനും ഡി.ടി.പി.സി അധികൃതരും പ്രദേശം സന്ദർശിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഡി.ടി.പി.സിയുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ മേയർ അറിയിച്ചു. റോഡരികിൽ സ്ഥിതി ചെയ്യുന്ന തട്ടുകടകളും മറ്റും സന്ദർശിച്ച അധികൃതർ കടയുടമകളോട്​ ശുചിത്വം പാലിക്കാൻ കർശന നിർദേശം നൽകി. അവധിക്കാലം തുടങ്ങാനിരിക്കെ ബീച്ചിൽ സന്ദർശക പ്രവാഹമായിരിക്കും. കഴിഞ്ഞ ദിവസം കുട്ടികളുടെ പാർക്കും തുറന്നിട്ടുണ്ട്. ഇതിനിടെ, ബീച്ചിൽ മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ബീച്ചിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപടണമെന്നാവശ്യപ്പെട്ട്​ മേയർ ജില്ല കലക്ടർ എസ്​. ചന്ദ്രശേഖറിന്​ കത്ത്​ നൽകിയിരുന്നു. ഇവിടെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണം അശാസ്ത്രീയമാണെന്നും മേയർ കത്തിൽ വിമർശിച്ചിരുന്നു. മാലിന്യം വേർതിരിച്ച്​ നൽകുകയാണെങ്കിൽ ഏറ്റെടുത്ത്​ സംസ്കരിക്കാൻ കോർപറേഷന്‍റെ ഭാഗത്തുനിന്ന്​ സഹായം നൽകുമെന്നും മേയർ കത്തിൽ സൂചിപ്പിരുന്നു. ഇതിനുപിന്നാലെയാണ്​ മേയർ ഡി.ടി.പി.സി അധികൃത​രുമൊത്ത്​ ബീച്ച്​ സന്ദർശിച്ചത്​. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. രാജേഷ്, സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.വി. ജയസൂര്യൻ, കെ.പി. അനിത, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.