lead തളിപ്പറമ്പ്: അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകി തളിപ്പറമ്പ് നഗരസഭയുടെ 2022-23 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അവതരിപ്പിച്ചു. 76.44 കോടി വരവും 62. 93 കോടി ചെലവും 13. 50 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നഗരസഭ ഓഫിസിനുസമീപം ഷോപ് മുറികളും കോൺഫറൻസ് ഹാളും പണിയാൻ അഞ്ച് കോടിയും നഗരസഭ ഓഫിസിന്റെ രണ്ടാംഘട്ട നവീകരണത്തിന് 60 ലക്ഷവും ജീവനക്കാരുടെ പരിശീലനത്തിന് രണ്ടുലക്ഷവും വകയിരുത്തി. മാർക്കറ്റ് റോഡിൽ കാറ്റിൽപൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ ഷോപ്പിങ് കോംപ്ലക്സിനായി 10 ലക്ഷം നീക്കിവെച്ചു. കാക്കാത്തോട് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ മൂന്ന് കോടിയും വകയിരുത്തി. നഗരത്തിലെ പ്രധാന വീഥികൾ സൗന്ദര്യവത്കരിക്കാനും ഇന്റർലോക്ക് ചെയ്യാനും 25 ലക്ഷം, ചിറവക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ 10 ലക്ഷം, കാക്കാത്തോട് - പ്ലാസ ജങ്ഷൻ റോഡിന് 20 ലക്ഷം, പുഷ്പഗിരിയിൽ സ്പോർട്സ് ഹബിന് 25 ലക്ഷം, കാക്കാത്തോട് ഡ്രെയിനേജ് നവീകരണത്തിന് രണ്ടുകോടി എന്നിങ്ങനെയും വകയിരുത്തി. 10 സ്ഥലത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ 10 ലക്ഷം നീക്കിവെച്ചു. താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് 70 ലക്ഷവും ഡയാലിസിസ് സെന്ററിന്റെ ശേഷി 36ൽനിന്ന് 72ആയി ഉയർത്താൻ 80 ലക്ഷവും നൽകും. വരുമാനം വർധിപ്പിക്കാൻ, നിലവിൽ ഫീസ് ഈടാക്കാത്ത സാക്ഷ്യപത്രങ്ങൾക്ക് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കും. പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പെർമിറ്റ് ഫീസ് ഈടാക്കാനും ബജറ്റിൽ നിർദേശമുണ്ടായി. യാഥാർഥ്യം മനസ്സിലാക്കി തയാറാക്കിയ ബജറ്റാണ് അവതരിപ്പിച്ചതെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും ചർച്ചയിൽ ഭരണപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു. എം.കെ. ഷബിത, പി. റജില, കെ. നബീസ ബീവി, പി.പി. മുഹമ്മദ് നിസാർ, പി.സി. നസീർ, കെ.പി. ഖദീജ എന്നിവർ പങ്കെടുത്തു. ബി.ജെ.പി കൗൺസിലർ കെ. വത്സരാജൻ ബജറ്റിനെ സ്വാഗതം ചെയ്തു. തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾക്ക് പിന്തുണ അറിയിച്ചു. നിരാശജനകമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണമില്ലാത്തതും നടപ്പാക്കാനാകാത്തതുമാണ് ബജറ്റ്. പ്രതിപക്ഷനിരയിൽനിന്ന് ഒ. സുഭാഗ്യം, വി.വി. ഗിരീശൻ, കെ.എം. ലത്തീഫ്, ഡി. വനജ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.