കണ്ണൂർ: മയക്കുമരുന്നിന്റെ പിടിയിൽനിന്ന് ജില്ലയെ മോചിപ്പിക്കാൻ കൂടുതൽ നടപടികളൊരുങ്ങുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാൻ പ്രാദേശിക തലത്തിലുള്ള ഇടപെടലാണ് ലക്ഷ്യമിടുന്നത്. വിമുക്തി വാർഡ്തല സമിതികൾ ചേർന്ന് ലഹരി ഉപയോഗം തടയാൻ നിരീക്ഷകരെ നിയമിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കും. നേരത്തേ ഫെബ്രുവരി 28നകം വിമുക്തി വാർഡ്തല സമിതികൾ ചേരാനും യുവാക്കൾക്കിടയിൽനിന്ന് നിരീക്ഷകരെ നിയമിക്കാനും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചെങ്കിലും നടന്നില്ല. അതിമാരക ന്യൂജെൻ രാസലഹരി മരുന്നുകളടക്കം കണ്ണൂരിലേക്ക് ഒഴുകുന്നത് വർധിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കുന്നത്. പ്രാദേശികതലത്തിൽ സാമൂഹികമായി ഇടപെടുന്ന യുവാക്കളെയാണ് നിരീക്ഷകരാക്കുക. ഇവരുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമാക്കിവെക്കും. നിലവിൽ പൊലീസിനും എക്സൈസിനും വിവരങ്ങൾ എത്തിക്കുന്നവരെ ഇതിന്റെ ഭാഗമാക്കും. ഏപ്രിൽ 11ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന വിപുലമായ യോഗം വിളിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റും വിമുക്തി മിഷൻ ജില്ല ചെയർപേഴ്‌സനുമായ പി.പി. ദിവ്യ പറഞ്ഞു. ഇതിനു പിന്നാലെ വാർഡ്തലത്തിൽ നടക്കുന്ന ജനകീയ യോഗങ്ങളിൽ പ്രാദേശികമായി നിരീക്ഷകരെ തെരഞ്ഞെടുക്കും. മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടം, പൊലീസ്, എക്സൈസ് എന്നിവക്കൊപ്പം പ്രാദേശിക സംവിധാനങ്ങളും ശക്തിപ്പെടുത്താനാണ് ശ്രമം. കണ്ണൂരിൽ കോടികളുടെ എം.ഡി.എം.എയും എൽ.എസ്.ഡിയും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. മയക്കുമരുന്നു മാഫിയയുടെ കണ്ണികളറുക്കാൻ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിനിയും മലബാറിലെ മയക്കുമരുന്നിന്റെ മൊത്തവിതരണക്കാരനും അടക്കം ഒമ്പതുപേർ അറസ്റ്റിലായി. ആയിക്കരയിൽ വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടലുടമ കുത്തേറ്റു കൊല്ലപ്പെട്ട് ഒന്നരമാസം പൂർത്തിയാകുന്നതിനിടെ ഇതേ പ്രദേശത്ത് മത്സ്യത്തൊഴിലാളിയുടെ കാൽ അറുത്തുമാറ്റിയതടക്കമുള്ള സംഭവങ്ങൾക്കു പിന്നിൽ മയക്കുമരുന്ന് സംഘത്തിന്റെ ഇടപെടലുണ്ടായിരുന്നു. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഭാരവാഹികൾ തുടങ്ങിയവരെ സമിതിയുടെ ഭാഗമാക്കും. സ്‌കൂൾ, കോളജ് തലവന്മാരുടെയും യോഗവും ചേരും. വിമുക്തി പ്രചാരണ ജാഥ, സൈക്കിൾ റാലി, പോസ്റ്റർ പ്രചാരണം തുടങ്ങിയവ നടത്തും. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.