'ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ' മഹായജ്ഞം നാളെ

ഓമശ്ശേരി: 'ഹരിതം, സുന്ദരം, ഓമശ്ശേരി' മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയോരം ശുചീകരിക്കും. കൂടത്തായി ഓടറാപ്പ്‌ മുതൽ മാതോലത്ത്‌ കടവ്‌ വരെ 15 കിലോമീറ്റർ ഭാഗമാണ്‌ ശുചീകരിക്കുക. രാവിലെ 8.30 മുതൽ ഉച്ചക്ക്‌ 12 വരെയാണ്‌ മഹായജ്ഞം. അഞ്ച്‌ ഏരിയകൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ശുചീകരണം കൊളത്തക്കരയിൽ ജില്ല കലക്ടർ ഡോ. തേജ്​ ലോഹിത്​​ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. അഞ്ചിടങ്ങളിലും പരിപാടിയുടെ വിജയത്തിനായി പ്രാദേശിക കമ്മിറ്റികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ജനപ്രതിനിധികളുടെയും പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ഒരുക്കം വിലയിരുത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.എം. രാധാമണി പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.