ഗ്രാമവണ്ടി പദ്ധതി ലക്ഷ്യമിട്ട്‌ ആറളം പഞ്ചായത്ത്‌ ബജറ്റ്‌

ഇരിട്ടി: ആറളം ഫാം ആദിവാസി മേഖലയിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ ആറളം പഞ്ചായത്ത്‌ ബജറ്റിൽ നിർദേശം. ആർ.ടി.സി, ബ്ലോക്ക്‌, ജില്ല പഞ്ചായത്തുകളുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കും. 39,80,91,436 രൂപ വരവും 39,33,43,203 രൂപ ചെലവും 47,48,233 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ജെസിമോൾ വാഴിപ്പിള്ളി അവതരിപ്പിച്ചു. ബഹുവർഷ പദ്ധതിയായി മൂന്ന്‌ കോടി മുടക്കി എടൂരിൽ നിർമിക്കുന്ന പഞ്ചായത്ത്‌ ഷോപ്പിങ് കോംപ്ലക്‌സ്‌ നിർമിതിക്ക്‌ 55 ലക്ഷവും റോഡ്‌, കെട്ടിടനിർമാണത്തിന്‌ 24,11,34,000 രൂപയും തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 15 കോടിയും ആരോഗ്യമേഖലക്ക്‌ 40 ലക്ഷവും അംഗൻവാടികളിൽ പോഷകാഹാര വിതരണത്തിന്‌ 90 ലക്ഷവും വകയിരുത്തി. ലൈഫ്‌ മിഷനിൽ അർഹതപ്പെട്ടവർക്ക്‌ വീടുകളും ഫ്ലാറ്റും നിർമിക്കാൻ ലക്ഷ്യമിട്ടും കാർഷികമേഖലക്ക്‌ ഊന്നൽനൽകിയുമുള്ള ബജറ്റിൽ പട്ടികവർഗ വിഭാഗത്തിന്‌ വീടുകൾ നിർമിക്കാൻ 64,18,000 രൂപ നീക്കിവെച്ചു. കുടിവെള്ളവിതരണ പദ്ധതികൾക്ക്‌ 25 ലക്ഷവും കൃഷി, മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ 1,26,52,083 രൂപയും നീക്കിവെച്ചു. ബജറ്റ്‌ സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌ അധ്യക്ഷനായി. യു.കെ. സുധാകരൻ, ഇ.പി. മേരിക്കുട്ടി, ജോസ്‌ അന്ത്യാംകുളം, വൈ.വൈ. മത്തായി, പഞ്ചായത്ത്‌ സെക്രട്ടറി വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.