പരാതി അന്വേഷിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥന് മർദനം; കേസെടുത്തു

പെരിങ്ങത്തൂർ: കരിയാട് പുതുശേരി മുക്കിലെ ഹോളോബ്രിക്സ് യൂനിറ്റിൽനിന്ന് ഉയരുന്ന പൊടിപടലവും ശബ്ദവും പ്രദേശവാസികൾക്ക് ഭീഷണിയുയർത്തുന്നു എന്ന പരാതി പരിശോധിക്കാനെത്തിയ പാനൂർ നഗരസഭ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഉടമക്കെതിരെ കേസെടുത്തു. മാഞ്ചാൽ ശിവക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുടെ പരാതി പ്രകാരം അന്വേഷണത്തിനെത്തിയതായിരുന്നു നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത്. തൊട്ടടുത്ത ഹോളോബ്രിക്സ് യൂനിറ്റിൽ നിന്നുയരുന്ന പൊടിപടലവും ശബ്ദവും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പ്രദേശവാസികൾക്കും ഭീഷണിയുയർത്തുന്നു എന്നായിരുന്നു പരാതി. നഗരസഭയിൽ ലഭിച്ച ഈ പരാതി അന്വേഷിക്കാൻ രാവിലെ പതിനൊന്നരയോടെയാണ് ഹോളോബ്രിക്സ് യൂനിറ്റിലെത്തിയത്. ഉടമ പി.പി. ജയൻ വധഭീക്ഷണി മുഴക്കി രജിത്തിനെ ആക്രമിക്കുകയും നാഭിക്ക് ചവിട്ടുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ ചെറുവാഞ്ചേരി സ്വദേശി രജിത്തിനെ(34) പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ജയനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.