വളക്കൈ - കൊയ്യം റോഡ് വികസനം: സ്ഥലം അളന്ന് കുറ്റിയടിക്കൽ തുടങ്ങി

ശ്രീകണ്ഠപുരം: യാത്രാദുരിതം കാരണം പൊറുതിമുട്ടി നാട്ടുകാര്‍ കാളവണ്ടിയിറക്കിവരെ പ്രതിഷേധിച്ച വളക്കൈ-കൊയ്യം-മയ്യില്‍ റോഡ് വികസന പ്രവർത്തനങ്ങൾ തുടങ്ങി. ഇരിക്കൂർ - തളിപ്പറമ്പ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. സ്ഥലം അളന്ന് കുറ്റിയടിക്കൽ പുരോഗമിക്കുകയാണ്. ആദ്യദിനം വളക്കൈ മുതൽ മേനോൻ മൊട്ടവരെയുള്ള ഭാഗത്ത് കുറ്റിയടിച്ചു. വളക്കൈയിൽ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാർദനൻ, പഞ്ചായത്തംഗങ്ങളായ മൂസാൻകുട്ടി തേർളായി, ടി.കെ. സുരേഖ, എൻ.വി. രമ്യ, പി.ഡബ്ല്യു.ഡി ഇരിക്കൂർ അസിസ്റ്റൻറ് എൻജിനീയർ സി. ബിനോയ് എന്നിവർ സംസാരിച്ചു. 11.16 കോടി രൂപ ചെലവിലാണ് 9.9 കിലോമീറ്റർ ദൂരം റോഡ് വികസിപ്പിക്കുന്നത്. 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. വളക്കൈക്കും മദ്റസക്കും ഇടയിൽ മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗത്ത് 700 മീറ്റർ ദൂരം റോഡ് ഉയർത്തും. 10 കലുങ്കുകളും പണിയും. നന്നേ വീതി കുറഞ്ഞ ഈ റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ചെറുതും വലുതുമായ കുഴികളാണ്. റോഡിന്റെ ഭാഗമായ കൊയ്യം -ചെക്കിക്കടവ് പാലം തുറന്നതോടെ ഇതു വഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിച്ചു. നിലവിൽ ഒരേസമയം രണ്ട് ബസുകൾക്ക് ഇരുഭാഗങ്ങളിലേക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വശങ്ങളിൽ കാടുകയറിയും തകർന്നും പലയിടത്തും അപകടക്കെണിയൊരുക്കിയിട്ടുണ്ട്. ചെങ്ങളായി പഞ്ചായത്തിൽനിന്ന് കണ്ണൂർ ടൗൺ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താവുന്ന റോഡാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.