കല്ലൂരിക്കടവ് പാലം കെ.വി. സുമേഷ് എം.എൽ.എ കിഫ്ബി ഉദ്യോഗസ്ഥരോടൊപ്പം പരിശോധന നടത്തുന്നു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാറാത്ത് - കല്ലൂരിക്കടവ് പാലം പദ്ധതിയുടെ പുതുക്കിയ വിശദമായ പദ്ധതി രേഖക്ക് (ഡി.പി.ആർ) 45.89 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നൽകി. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. സ്ഥലമേറ്റെടുക്കലിനുള്ള ചെലവ് ഉൾപ്പെടുത്തി തയാറാക്കിയ പുതുക്കിയ ഡി.പി.ആർ ജനുവരി 14ന് സമർപ്പിച്ചിരുന്നു.
ഇതിന് തുടർന്നാണ് സാമ്പത്തികാനുമതി ലഭ്യമായത്. ഇതോടെ പാലം നിർമാണം ആരംഭിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാകുമെന്ന് എം.എൽ.എ അറിയിച്ചു. 25 കോടി രൂപ ചെലവിൽ 2017ൽ പ്രഖ്യാപിച്ച കല്ലൂരിക്കടവ് പാലം പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടുപോയി. 2021ൽ കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ സബ്‌മിഷനായി വിഷയം ഉന്നയിച്ചതോടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ സജീവമായത്.
പിന്നീട് അപ്രോച്ച് റോഡുകൾ ഉൾപ്പെടുത്തുകയും അലൈൻമെന്റിൽ മാറ്റം വരുത്തുകയും ചെയ്തതോടെ പദ്ധതി വീണ്ടും വൈകി. കിഫ്ബിയുടെ നിർദേശപ്രകാരം നാറാത്ത് ഭാഗത്ത് 1.34 കിലോമീറ്ററും പാപ്പിനിശ്ശേരി ഭാഗത്ത് 800 മീറ്ററും അപ്രോച്ച് റോഡുകൾ നീളം വർധിപ്പിക്കാൻ തീരുമാനിച്ചതോടെ 45.89 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആർ തയാറാക്കി. ആദ്യഘട്ടത്തിൽ ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇരു പഞ്ചായത്തുകളിലും യോഗങ്ങൾ ചേർന്നെങ്കിലും ഭൂരിഭാഗം ഭൂവുടമകളും സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയാറായില്ല. സ്ഥലമേറ്റെടുക്കലിന് നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ആവശ്യമായ അധിക തുക ഉൾപ്പെടുത്തിയാണ് ഇപ്പോൾ 45.89 കോടി രൂപയുടെ അന്തിമ ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിക്കുകയും സാമ്പത്തികാനുമതി നേടുകയും ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.