കണ്ണൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും കോര്‍പറേഷനിലെ റോഡ് നിർമാണ പ്രവൃത്തികള്‍ അടക്കമുള്ള പദ്ധതികള്‍ തുടങ്ങാത്ത സാഹചര്യത്തിൽ കൗൺസിൽ യോഗത്തിൽ വ്യാപക പരാതി. ഫെബ്രുവരി 15ന് മുമ്പ് പരമാവധി പ്രവൃത്തികള്‍ ടെന്‍ഡറായില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകുമെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടെന്‍ഡര്‍ വിളിച്ചാലും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്ന് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും യോഗത്തിൽ പറഞ്ഞു. ഇതിനൊപ്പം ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റവും തസ്തികകളിൽ ആളില്ലാത്തതും പ്രവൃത്തികൾ പൂർത്തീകരിക്കാൻ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാനാവാത്ത സ്ഥിതിയാണെന്നും എന്‍ജിനീയറിങ് വിഭാഗത്തില്‍ ആവശ്യമായ എ.ഇമാരില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും മേയര്‍ പി. ഇന്ദിര പറഞ്ഞു. പള്ളിക്കുന്ന്, എടക്കാട്, എളയാവൂർ, പഞ്ഞിക്കയിൽ, ഭാഗങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. വാട്ടര്‍ അതോറിറ്റി മുഖേനയുള്ള കുടിവെള്ള വിതരണം കൃത്യമായി നടക്കുന്നില്ല. പലയിടങ്ങളിലും പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാവുകയാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പൈപ്പുകളൊന്നും റിപ്പയര്‍ ചെയ്യുന്നില്ല.
വീടുകളിൽ വെള്ളം എത്താത്ത സാഹചര്യത്തിലും സംഗീത തിയറ്ററിന് സമീപത്തെ ടാങ്കിൽനിന്ന് വെള്ളം വിൽപന നടത്തുന്നുണ്ടെന്നും പരാതി ഉയർന്നു. പുലർച്ചെ രണ്ടിനും ആറിനുമിടയിൽ വരുന്ന വെള്ളം ആളുകൾക്ക് ശേഖരിച്ചുവെക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ പരാതി പറഞ്ഞാല്‍ നടപടിയുണ്ടാകുന്നില്ലെന്നും വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത സ്ഥിതിയാണെന്നും കൗണ്‍സിലര്‍മാര്‍ പരാതി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പറേഷനില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമെന്ന് മേയര്‍ പറഞ്ഞു. മരക്കാര്‍കണ്ടി എസ്.ടി.പി പ്രോജക്ട് നിർവഹണ ഏജൻസിയായി കേരള വാട്ടര്‍ അതോറിറ്റിയെ ഉൾപ്പെടുത്തില്ല. പയ്യാമ്പലം ശ്മശാനം നവീകരണവുമായി ബന്ധപ്പെട്ട് തീരദേശ പരിപാലന നിയമ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യുമെന്നും മേയർ പറഞ്ഞു.
ധര്‍മശാലയില്‍ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷ പരിപാടി എം.വി. ഗോവിന്ദൻ എം.എൽ.എയുടെ സാമ്പത്തിക ധൂര്‍ത്ത് മാമാങ്കം കൂടിയാണെന്ന് മേയര്‍ ആരോപിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ തിരക്കേറിയ സമയത്തും കോര്‍പറേഷനിലെ ഉദ്യോഗസ്ഥരെ അടക്കം വളന്റിയറായി നിയോഗിക്കുകയാണ്. തദ്ദേശ ഫണ്ടുപയോഗിച്ച് ഹാപ്പിനസ് ഫെസ്റ്റിവല്‍ നടത്തുന്നത് ധൂര്‍ത്താണെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ലിഷ ദീപക്, റിജില്‍ മാക്കുറ്റി, പി. ഷമീമ, കെ. സമീറ, ദീപ്തി വിനോദ്, കെ. സീത, ഉമേശന്‍ കണിയാങ്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.