കാറിലിടിച്ച് നിർത്താതെപോയ ലോറി കണ്ടെത്തി

തളിപ്പറമ്പ്: കുറ്റിക്കോലിൽ കഴിഞ്ഞ ഒമ്പതിന് വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ ലോറി പൊലീസ് പിടികൂടി. തളിപ്പറമ്പ് സി.ഐ എ.വി. ദിനേശൻ, എസ്.ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്. ഒമ്പതിന് പുലർച്ച കുറ്റിക്കോലിൽ കാറിടിച്ചുതകർത്ത് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽപിച്ച് നിർത്താതെ പോയ കണ്ടെയ്നർ ലോറിയാണ് പിടികൂടിയത്. ദേശീയ പാതയോരത്തെ നിരവധി നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ലോറി കണ്ടെത്തിയത്. ഇടിയിൽ കാർ പൂർണമായി തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനായ നീലേശ്വരം സ്വദേശി മല്ലപ്പള്ളി എം.സി. രതീശ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ലോറി കണ്ടെത്താൻ പൊലീസ് നീലേശ്വരം മുതൽ തലശ്ശേരി വരെയുള്ള നിരീക്ഷണകാമറ പരിശോധിച്ചിരുന്നു. പല കാമറയിലും ലോറിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. പിന്നീട് ശാസ്ത്രീയമായ അന്വേഷണത്തിൽ ലോറി കണ്ടെത്തി. ലോറി ഡ്രൈവർ തളിപ്പറമ്പ് പൊലീസിൽ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.