നീർക്കടവ്-പള്ളിയാംമൂല റോഡ് നവീകരിച്ചു

കണ്ണൂർ: ശോച്യാവസ്ഥയിലായ നീർക്കടവ്-പള്ളിയാംമൂല റോഡ് നവീകരണം പൂർത്തിയായി. മൂന്നുമീറ്റർ വീതിയുള്ള റോഡ് അഞ്ചുമീറ്ററാക്കി വികസിപ്പിച്ചാണ് റീടാർ ചെയ്തത്. പള്ളിയാംമൂല അഞ്ചുമൻ ഇൻഫത്തുൽ മഖാം മുതൽ നീർക്കടവ് അരയ സമുദായ ശ്മശാനം വരെയാണ് റോഡുള്ളത്. പള്ളിയാംമൂല മുതൽ ആറാംകോട്ടം ബീച്ച് റോഡ് വരെ പൂർണമായും തകർന്നിരുന്നു. ഇതോടെ കെ.വി. സുമേഷ് എം.എൽ.എ ഫിഷറീസ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ച് വിഷയം അവതരിപ്പിച്ചതോടെയാണ് തീരദേശ റോഡ് വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്. എം.എൽ.എയുടെ നിർദേശ പ്രകാരം ഹാർബർ എൻജിനീയറിങ് വിഭാഗമാണ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കിയത്. നീർക്കടവിൽനിന്നും അഴീക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും കണ്ണൂർ നഗരത്തിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്. റോഡ് തകർന്നതിനാൽ പയ്യാമ്പലം ബീച്ചിൽനിന്ന് കടലിനോട് ചേർന്നുള്ള യാത്ര പലരും പള്ളിയാംമൂല അഞ്ചുമൻ ഇൻഫത്തുൽ മഖാം വരെ എത്തി അവസാനിപ്പിച്ചിരുന്നു. റോഡ് നവീകരിച്ചതോടെ കൂടുതൽ പേർ ബീച്ചിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.