വളപട്ടണം സഹകരണ ബാങ്ക്‌ പണയത്തട്ടിപ്പ്‌: രണ്ടു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

തലശ്ശേരി: ഒമ്പതു വർഷം മുമ്പ് വളപട്ടണം സർവിസ്‌ സഹകരണ ബാങ്കിൽ പണയംവെച്ച ആധാരം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിപ്പ്‌ നടത്തിയ കേസിൽ അറസ്‌റ്റിലായ രണ്ടു പ്രതികൾക്ക്‌ തലശ്ശേരി വിജിലൻസ്‌ കോടതി സ്പെഷൽ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചു. വളപട്ടണം പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ജോ.സെക്രട്ടറി മുഹമ്മദ്‌ സനീഫ്‌, മയ്യിൽ മണ്ഡലം കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ മൊട്ടമ്മൽ മജീദ്‌ എന്നിവർക്കാണ്‌ ജാമ്യം അനുവദിച്ചത്. 28 ലക്ഷം രൂപവീതം സ്ഥിരം നിക്ഷേപം നടത്തിയതിന്റെ രേഖയോ 30 ലക്ഷം രൂപ വിലവരുന്ന സ്വത്തിന്റെ രേഖയോ ബോണ്ടായി സമർപ്പിക്കണമെന്നാണ്‌ ഉപാധി. തട്ടിപ്പ്‌ കേസിലെ പ്രതി റഷീദ ബിന്ദു നൽകിയ മുൻകൂർ ജാമ്യഹരജി ജില്ല സെഷൻസ്‌ കോടതി ബുധനാഴ്‌ചത്തേക്ക്‌ മാറ്റി. 2013ലാണ്‌ കീരിയാട്ടെ തൊലിച്ചി കണ്ടത്തിൽ സൗദ 60 സെന്റ്‌ ചതുപ്പ്‌ നിലം വളപട്ടണം സർവിസ്‌ സഹകരണ ബാങ്കിൽ പണയംവെച്ച്‌ പത്ത്‌ ലക്ഷം രൂപ വായ്‌പയെടുത്തത്‌. ഈ ആധാരം ബാങ്ക്‌ സെക്രട്ടറിയായിരുന്ന എൻ.പി. ഹംസ, പ്രസിഡന്റായിരുന്ന ടി. സൈഫുദ്ദീൻ, വളപട്ടണം മിൽറോഡിലെ കണിയാറക്കൽ ഷുക്കൂർ എന്നിവർ ചേർന്ന്‌ ബാങ്കിൽ നിന്ന്‌ എടുത്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. കണ്ടത്തിൽ സൗദയുടെ ആധാരം ഉപയോഗിച്ച്‌ എൻ.പി. ഹംസയുടെ ഭാര്യ റഷീദ ബിന്ദു, മൊട്ടമ്മൽ മജീദ്‌, വയനാട്‌ സ്വദേശി കെ.വി. അബൂബക്കർ എന്നിവരുടെ പേരിൽ വളപട്ടണം സബ്‌ രജിസ്‌ട്രാർ ഓഫിസിൽ വസ്‌തു രജിസ്‌റ്റർ ചെയ്‌തു. ഇതേ ഭൂമി വളപട്ടണം ബാങ്കിൽ പണയംവെച്ച്‌ കെ.വി. അബൂബക്കർ 35 ലക്ഷം രൂപയും മൊട്ടമ്മൽ മജീദ്‌ 25 ലക്ഷവും വായ്‌പയെടുത്തു. റഷീദ ബിന്ദു 25 ലക്ഷം രൂപ വായ്‌പയെടുക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിൽ പണമില്ലാത്തതിനാൽ അനുവദിച്ചില്ല. ബാങ്ക്‌ പ്രസിഡന്റും മുസ്​ലിംലീഗ്‌ നേതാവുമായ പരേതനായ ടി. സൈഫുദ്ദീന്റെ മകനാണ്‌ മുഹമ്മദ്‌ സനീഫ്‌. വളപട്ടണം സർവിസ്‌ സഹകരണ ബാങ്കിലെ അഴിമതികേസിൽ മന്ന ബ്രാഞ്ച്‌ മാനേജരായിരുന്ന മുഹമ്മദ്‌ ജസീലിനെ നേരത്തേ വിജിലൻസ്‌ കോടതി ശിക്ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.