കുടിവെള്ളമില്ല; നാട്ടുകാർ ധർണ നടത്തി

തളിപ്പറമ്പ്: പട്ടുവം പ്രദേശത്തെ ജപ്പാൻ കുടിവെള്ള വിതരണത്തിലെ അപാകത പരിഹരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും തളിപ്പറമ്പ് ആർ.ഡി.ഒ ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. പട്ടുവം പഞ്ചായത്തിലെ കൂത്താട്ട്, പടിഞ്ഞാറെചാൽ, കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം കുടിവെള്ളം മുടങ്ങുന്നതും ചില പ്രദേശങ്ങളിൽ പൂർണമായി ജലവിതരണം തടസ്സപ്പെടുന്നതും സംബന്ധിച്ച് ജല അതോറിറ്റി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ആർ.ഡി.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തുകയും നിവേദനം നൽകുകയും ചെയ്തത്. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കുന്നതിൽ അധികൃതർ നിഷ്ക്രിയ നിലപാട് തുടരുകയാണ്. 12 പഞ്ചായത്തുകളിലും നഗരസഭയിലും മികച്ച രീതിയിൽ ജലവിതരണം നടത്തുന്നതിന് ആവശ്യമായ ജീവനക്കാരില്ല. പൈപ്പുകൾ പൊട്ടിയാൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ സംവിധാനങ്ങളില്ല. കരാറുകാർക്ക് കൂലി കൊടുക്കാതായിട്ട് വർഷങ്ങളായി. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും രാജീവൻ കപ്പച്ചേരി ആവശ്യപ്പെട്ടു. ടി. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി. ഗോവിന്ദൻ, സി. രാജീവൻ, പവിത്രൻ, അബ്ദുറഹ്മാൻ, ടി. രമേശൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം ഇ.പി. ശ്രുതി സ്വാഗതം പറഞ്ഞു. ആർ.ഡി.ഒ, സമരവേദിയിൽ നിവേദനം സ്വീകരിച്ച് അടിയന്തര നടപടി എടുക്കുമെന്ന് ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.