ചെറുപുഴ: രാജഗിരി, ജോസ്ഗിരി, കാനംവയല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. ദിവസങ്ങളുടെ ഇടവേളയില്‍ ജോസ്ഗിരി മരുതുംതട്ടിലും കാനംവയല്‍ ചേനാട്ടുകൊല്ലിയിലുമെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തി കടന്ന് പകല്‍ സമയത്തും കൃഷിയിടത്തിലേക്കെത്തുന്ന കാട്ടാനക്കൂട്ടം ജീവന് ഭീഷണിയാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മരുതുംതട്ടിലെ കായംമ്മാക്കല്‍ സണ്ണി, പൂച്ചാലില്‍ ജോസ്, കൂട്ടിയാനിക്കല്‍ മേരി, മുല്ലപ്പള്ളി ദീപു, കൂട്ടിയാനിക്കല്‍ സോയി തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങി ഭീതി വിതച്ചു.
പൂച്ചാലില്‍ ജോസിന്റെ കൃഷിയിടത്തിലെത്തി കാട്ടാന തെങ്ങ് കുത്തിനശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന ഷെഡ്ഡ് തകര്‍ക്കുകയും ചെയ്തു. പ്രദേശവാസികള്‍ പടക്കമെറിഞ്ഞാണ് കാട്ടാനക്കൂട്ടത്തെ തുരുത്തിയോടിച്ചത്. തുടര്‍ന്നു കാട്ടാനക്കൂട്ടം മരുതുംതട്ട്- ചേനാട്ടുക്കൊല്ലി റോഡില്‍ നിലയുറപ്പിക്കുകയും സമീപത്തെ വാഴകളും കടപ്ലാവും മറ്റും നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് തളിപ്പറമ്പില്‍നിന്ന് വനപാലകർ ജോസ്ഗിരിയിലെത്തി പരിശോധന നടത്തി. ദിവസങ്ങള്‍ക്കു മുമ്പ് കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടത്തില്‍നിന്ന് വഴിതെറ്റിയ പിടിയാനയുടെ കുട്ടി മരുതുംതട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണ് ചെരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.