കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമാണത്തിലിരിക്കുന്ന ആന മതിലിന്റെ കോൺക്രീറ്റ് പ്രവൃത്തിക്കായി തയാറാക്കിയ കമ്പികൾ കാട്ടാന ചവിട്ടി നശിപ്പിച്ചു. പൂക്കുണ്ട് മേഖലയിലാണ് പില്ലർ കോൺക്രീറ്റ് ചെയ്യുന്നതിനായി തയാറാക്കിയ കമ്പികൾ ചവിട്ടി നശിപ്പിച്ചത്. അഞ്ചോളം പില്ലറുകളും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.
മൊട്ടുകൊമ്പൻ എന്ന പേരിൽ പ്രദേശവാസികൾ വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആന ചവിട്ടി വളച്ചതോടെ പില്ലറിന്റെ അടിത്തറ ഉൾപ്പെടെ പൊളിച്ചുമാറ്റി വളഞ്ഞ കമ്പികൾ നേരെയാക്കി വീണ്ടും നിർമാണം നടത്തണം. ഇതോടെ ഇഴഞ്ഞു നീങ്ങുന്ന ആന മതിൽ നിർമാണത്തിന് വീണ്ടും കാലതാമസം വരുമെന്ന ആശങ്കയിലാണ് പ്രദേശവാസിക.ൾ നിർമാണം വൈകിയാൽ കശുവണ്ടി, മാമ്പഴ സീസൺ ആരംഭിക്കുന്നതോടെ വീണ്ടും ആനകൾ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ കഴിയില്ലെന്ന ആശങ്കയുമുണ്ട്.
നിലവിൽ പൂക്കുണ്ട് ഭാഗത്തെ സോളാർ വേലി പഴയ ആനമതിലിനും വെളിയിൽ പുനരധിവാസ മേഖലയിലാണ് സ്ഥാപിച്ചിത്. ആനകൾ പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന സ്ഥലംകൂടിയാണ് പൂക്കുണ്ട്. നിലവിലെ സോളാർ വേലി പുതിയ ആനമതിനും വനത്തിനും ഇടയിലായി സ്ഥാപിച്ചാൽ മാത്രമേ പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ.
എന്നാൽ, വനത്തിനോട് ചേർന്ന് സോളാർ വേലി സ്ഥാപിച്ചാൽ ആനകൾ മരം തള്ളിയിട്ട് വേലി തകർത്ത ശേഷം ജനവാസ മേഖലയിലേക്ക് കടക്കുന്നത് വനംവകുപ്പിന് തലവേദന സൃഷിടിക്കുകയാണ്. സോളാർ വേലി മാറ്റി സ്ഥാപിക്കുന്നതിനൊപ്പം മേഖലയിൽ മുഴുവൻ സമയ പട്രോളിങ്ങും ഏർപ്പെടുത്തിയാൽ ഇതിന് പരിഹാരം കാണാൻ കഴിയൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.