കണ്ണൂർ: ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സി.പി.എമ്മിന്. ഓരോ സ്ഥിരം സമിതി സി.പി.ഐക്കും കേരള കോൺഗ്രസ്-എമ്മിനും നൽകാനും ധാരണയായതായി എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രൻ അറിയിച്ചു.
വൈസ് പ്രസിഡന്റ് ടി. ഷബ്‌നയാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. സി.പി.എമ്മിലെ പി. രവീന്ദ്രൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനാകും. രജനി മോഹനാണ് വികസന സ്ഥിരം സമിതി അധ്യക്ഷയാവുക. സി.പി.ഐയിലെ എ. പ്രദീപൻ പൊതുമരാമത്ത് സ്ഥിരം സമിതിയുടെയും കേരള കോൺഗ്രസ്-എമ്മിലെ ബേബി എണ്ണച്ചേരിയിൽ ക്ഷേമകാര്യ സ്ഥിരം സമിതിയുടെയും അധ്യക്ഷയാകും. 25 ഡിവിഷനുകളുള്ള കണ്ണൂർ ജില്ല പഞ്ചായത്തിൽ 18 സീറ്റുകൾ എൽ.ഡി.എഫിനാണ്. യു.ഡി.എഫിന് ഏഴുസീറ്റാണുള്ളത്.
മുന്നണികളിലെ തർക്കത്തിനൊടുവിൽ കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സമവായം.കോർപറേഷനിലെ എട്ട് സ്ഥിരം സമിതികളിൽ കോൺഗ്രസ്, മുസ് ലിം ലീഗ് അംഗങ്ങൾ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തെത്തും. വികസനകാര്യം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസം-കായികം എന്നിവ കോൺഗ്രസിനും ധനകാര്യം, നഗരാസൂത്രണം, നികുതി അപ്പീൽ, ക്ഷേമം എന്നിവ മുസ് ലിം ലീഗിനും ലഭിക്കും. ചൊവ്വാഴ്ച രാവിലെ നടന്ന തുടർ ചർച്ചയിലാണ് കോൺഗ്രസും മുസ് ലിം ലീഗും സ്ഥിരം സമിതി വീതം വെപ്പിൽ ധാരണയിലെത്തിയത്. ഇതനുസരിച്ച് കഴിഞ്ഞ തവണ കോൺഗ്രസ് കൈവശമുണ്ടായിരുന്ന ടാക്സ് അപ്പീൽ സ്ഥിരം സമിതി ആദ്യം രണ്ടര വർഷം മുസ് ലിം ലീഗിന് ലഭിക്കും. തുടർന്ന് അധ്യക്ഷ സ്ഥാനം കോൺഗ്രസിന് കൈമാറാമെന്നാണ് ധാരണ.
കോൺഗ്രസിൽനിന്ന് റിജിൽ മാക്കുറ്റി (പൊതുമരാമത്ത്), ശ്രീജ മഠത്തിൽ (ആരോഗ്യം), അഡ്വ. ലിഷ ദീപക് (വികസനം), അഡ്വ. സോണ ജയറാം (വിദ്യാഭ്യാസം-കായികം) എന്നിവരും ലീഗിലെ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ (ധനകാര്യം), ഷമീമ (നഗരാസൂത്രണം), റിഷാം (ക്ഷേമം), വി.കെ. മുഹമ്മദലി (ടാക്സ്, അപ്പീൽ) എന്നിവരും അധ്യക്ഷരാവും.
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നാമനിർദേശ പത്രിക വൈകി നൽകിയതിനാൽ എല്ലാ സ്ഥിരം സമിതികളും എൽ.ഡി.എഫിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിരം സമിതിയിലേക്ക് പത്രിക നൽകണമെന്നാണ് അംഗങ്ങൾക്ക് നൽകിയ കത്തിലുള്ളത്. എന്നാൽ, യു.ഡി.എഫ് ചൊവ്വാഴ്ച രാവിലെയാണ് നാമനിർദേശ പത്രിക നൽകിയത്.
അതേസമയം, തിങ്കളാഴ്ച റിട്ടേണിങ് ഓഫിസർക്ക് പത്രിക നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറിക്ക് ആറിന് സമർപ്പിച്ചാൽ മതിയെന്ന പറഞ്ഞതിനാൽ ചൊവ്വാഴ്ച പത്രിക നൽകിയതെന്നും അത് സ്വീകരിച്ചെന്നും യു.ഡി.എഫ് പറഞ്ഞു. എൽ.ഡി.എഫ് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥനെക്കൊണ്ട് പത്രിക സ്വീകരിച്ച തീരുമാനം തിരുത്തിയതെന്നും യു.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് അലംഭാവം കാട്ടിയതിന്റെ ഫലമാണിതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് കലക്ടർക്ക് പരാതി നൽകി. 20 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്-11 യു.ഡി.എഫ്- ഒമ്പത് എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.