യുക്രെയ്​ൻ: കുടകിലെ നാലുവിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തി

വിരാജ്പേട്ട: അഞ്ചുദിവസത്തെ ബങ്കർ വാസത്തിനുശേഷം യുക്രെയ്​നിലെ യുദ്ധഭൂമിയിൽനിന്ന് ജന്മനാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിന്റെ നിറവിലാണ് കുടകിലെ നാലു കുടുംബങ്ങൾ. കുശാൽ നഗർ കൂടല്ലുരിലെ ചന്ദൻ ഗൗഡ, കുശാൽ നഗറിലെ ബി.കെ. ലിഖിത്, പൊന്നം പേട്ടയിലെ വി.ജെ. സിനിയ എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഉച്ചയോടെ എല്ലാവരും വീടുകളിൽ എത്തി. ഒമ്പത് പേരടങ്ങുന്ന സംഘത്തിലെ അംഗങ്ങളായ ലിഖിതും ചന്ദനും ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്താണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 1000 കിലോമീറ്റർ ട്രെയിനിൽനിന്നുകൊണ്ട് യാത്രചെയ്ത് ഇവർ സ്വകാര്യ ബസിൽ പോളണ്ടിൽ എത്തിച്ചേർന്നു. തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം കയറുകയായിരുന്നു. രണ്ടുപേരും മൂന്നാം വർഷം വിദ്യാർഥികളാണ്. വി.ജെ. സിനിയ ബങ്കറിൽനിന്നും 13 കിലോമീറ്റർ നടന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പോളണ്ടിൽ വന്ന് ഡൽഹിയിലേക്കുള്ള വിമാനം കയറി. യുദ്ധം ആരംഭിച്ച ആദ്യദിവസം തന്നെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എന്നാൽ, വിമാനം റദ്ദായത് പിന്നീടാണ് അറിയുന്ന​തെന്ന് സിനിയ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റൊരു വിദ്യാർഥിനി ഗോണിക്കൊപ്പയിലെ അബ്ദുൽ ഗഫൂറിന്റെ മകൾ മദീഹ രണ്ടുദിവസം മുമ്പ് എത്തിയിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റാണ് ചന്ദൻ ഗൗഡയുടെ പിതാവ് മഞ്ജുനാഥ. ------------------- ഫോട്ടോ : ലിഖിത്, ചന്ദൻ ഗൗഡ രക്ഷിതാക്കളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.