വിപണി കൈയടക്കാൻ മലപ്പട്ടത്തെ സുഗന്ധവ്യഞ്ജനങ്ങൾ

മലപ്പട്ടം സ്പൈസസ് കമ്പനിക്ക് എസ്.എഫ്.എ.സിയുടെ അംഗീകാരം ശ്രീകണ്ഠപുരം: സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനവും വിതരണവും ലക്ഷ്യമാക്കി മലപ്പട്ടം സ്വദേശികളുടെ കൂട്ടായ്മ തുടങ്ങിയ മലപ്പട്ടം സ്പൈസസ് കമ്പനിക്ക് എസ്.എഫ്.എ.സിയുടെ (ചെറുകിട കാർഷിക വ്യാപാര കൺസോർട്ട്യം) അംഗീകാരം ലഭിച്ചു. കേന്ദ്ര സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന 'ആത്മ' പദ്ധതിയുടെ ശിപാർശയോടെ ജില്ലയിൽ നിന്ന് സമർപ്പിച്ച പ്രോജക്ടിനാണ് സംസ്ഥാന കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഇതുപ്രകാരം കമ്പനിയുടെ നടത്തിപ്പിനായി 60 ലക്ഷം രൂപ എസ്.എഫ്.എ.സിക്ക് അനുവദിച്ചു. ഓഫിസ് സ്ഥാപനം, കമ്പനിയുടെ നടത്തിപ്പ് എന്നിവ മൂന്നുവർഷം കൊണ്ട് പൂർത്തീകരിച്ച് ലാഭത്തിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥയിലാണ് തുക അനുവദിച്ചത്. കർഷകരിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം മലപ്പട്ടം സ്പൈസസ് എന്ന പേരിൽ കമ്പനി തുടങ്ങിയത്. മലപ്പട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പജൻ മാനേജിങ് ഡയറക്ടറും ഇ.കെ. പ്രഭാകരൻ സി.ഇ.ഒയുമായ 11 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കമ്പനിയുടെ ആദ്യ ഉൽപന്നമായ മഞ്ഞൾപൊടിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ വർഷം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചിരുന്നു. പഞ്ചായത്തിലെ 110 കർഷകർ നടത്തിയ മഞ്ഞൾ കൃഷിയിൽനിന്നുള്ള മഞ്ഞൾ, പൊടിയാക്കിയാണ് വിപണിയിലിറക്കിയത്. ------------------------------------- ആദ്യവർഷം വിറ്റത് ആറുക്വിന്റൽ മഞ്ഞൾപൊടി പ്രവർത്തനം തുടങ്ങിയ ആദ്യവർഷംതന്നെ ആറുക്വിന്റൽ മഞ്ഞൾപൊടിയാണ് കമ്പനി വിൽപന നടത്തിയത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ മഞ്ഞൾ കൃഷിക്ക് പ്രാമുഖ്യം നൽകിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. മലപ്പട്ടം പഞ്ചായത്തുമായി സഹകരിച്ചായിരുന്നു മഞ്ഞൾ കൃഷി നടത്തിയത്. കർഷകർക്ക് പഞ്ചായത്ത് നൽകിയ മഞ്ഞൾ വിത്തുകളിലൂടെ ഉൽപാദിപ്പിച്ച അഞ്ച് ക്വിൻറലോളം മഞ്ഞൾ ന്യായവില നൽകി കമ്പനി വാങ്ങുകയായിരുന്നു. ഇതിൽ നിന്നുണ്ടാക്കിയ മഞ്ഞൾപൊടിയാണ് വിപണിയിലിറക്കിയത്. നിലവിൽ മുന്നൂറോളം കർഷകരാണ് പദ്ധതിയുടെ ഭാഗമായി മഞ്ഞൾ കൃഷി നടത്തുന്നത്. പ്രതിഭ ഇനത്തിൽപെട്ട മഞ്ഞളാണ് കൃഷിക്കായി ഉപയോഗിച്ചത്. നൂറുശതമാനം ജൈവവും പാരമ്പര്യവുമായി സംസ്കരിച്ചെടുത്ത മഞ്ഞളായതുകൊണ്ട് മരുന്ന് ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു. കമ്പനി വകയായി മലപ്പട്ടം ഹൈസ്കൂളിനുസമീപത്ത് ഒരേക്കറോളം സ്ഥലത്ത് സ്വന്തമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. ഒരുകിലോ മഞ്ഞൾപൊടിക്ക് 240 രൂപയാണ് വില. ഈ വർഷം കുരുമുളക്, ഇഞ്ചി, ഏലം എന്നിവ കർഷകരിൽനിന്ന് വാങ്ങി മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. കൂടാതെ 50 കർഷകർക്ക് രാമച്ച കൃഷി നടത്തുന്നതിനുള്ള പ്രോത്സാഹനം നൽകാനും പരിപാടിയുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി മലപ്പട്ടം പഞ്ചായത്തിനുപുറമെ മറ്റു പഞ്ചായത്തിൽ കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി കൃഷി, സംസ്കരണം, വിപണനം എന്നിവക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം 250 ഷെയർ ഹോൾഡർമാരെ ഉൾപ്പെടുത്തി കമ്പനി വിപുലീകരിക്കാനുള്ള പ്രവർത്തനം നടത്തുന്നുണ്ട്. -------------------------- ഇനി 'കുർക്കുമിൻ' ഉൽപാദനം മഞ്ഞളിന്റെ ഔഷധശക്തിക്ക് അടിസ്ഥാനം 'കുർക്കുമിൻ' എന്ന ഘടകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുറിവുകള്‍ പഴുക്കാതെ സൂക്ഷിക്കുന്ന ആന്റിസെപ്റ്റിക് കൂടിയാണിത്. എന്നാൽ, കുർക്കുമിന്റെ യഥാർഥ ഗുണങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ ദിവസേന ഭക്ഷണത്തിലൂടെയുള്ള മഞ്ഞള്‍ ഉപഭോഗം മതിയാകില്ലെന്നും അതിനേക്കാൾ കൂടിയ തോതില്‍ മഞ്ഞൾ ശരീരത്തിൽ എത്തേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇതിന്റെ ഭാഗമായാണ് മലപ്പട്ടം സ്പൈസസ് കമ്പനി മഞ്ഞളിൽ നിന്നുള്ള 'കുർക്കുമിൻ' ഉൽപാദിപ്പിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. 50 കിലോഗ്രാം മഞ്ഞളിൽ നിന്ന് ഒരു കിലോഗ്രാം കുർക്കുമിൻ മാത്രമേ വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. മൂന്നുവർഷത്തിനുള്ളിൽ കുർക്കുമിൻ ഉൽപാദിപ്പിക്കാനുള്ള യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ---------- ...പി. മനൂപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.