തദ്ദേശ ഉൽപന്നങ്ങൾ ലോകവിപണിയിൽ എത്തിക്കണം -മന്ത്രി എം.വി. ഗോവിന്ദൻ

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമിക്കുന്ന ഒരു ഉൽപന്നമെങ്കിലും ലോകവിപണിയിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. കൃഷി വകുപ്പിന് കീഴിൽ മയ്യിൽ ഒമ്പതാംമൈലിലെ ഇരിക്കൂർ ബ്ലോക്കുതല ഫെഡറേറ്റഡ് സമിതിയുടെ കാർഷിക നഴ്‌സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ മൂലധനം ലഭിക്കും. അതിലൂടെ മികച്ച രീതിയിൽ വികസന പ്രവർത്തനം നടത്താം. കാർഷിക സ്വയംപര്യാപ്തതയും മാലിന്യ മുക്ത കേരളവും സർക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കൃഷി ചെയ്യുമ്പോൾ ഭൂവിസ്തൃതിയുടെ കുറവ് പ്രശ്‌നമാകാറുണ്ട്. എങ്കിലും കൃഷിയും കാർഷികോൽപാദനവും കേരളത്തിൽ കൂടിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മയ്യിൽ നഴ്‌സറിയിൽ പച്ചക്കറി വിത്തുകൾ, ജൈവ കീടനാശിനി, പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ തുടങ്ങിയവയാണ് ലഭിക്കുക. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാകും വിൽപന. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങളും ഇവിടെ ലഭിക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്‌ന കർഷകൻ പി.പി. ശ്രീധരന് നൽകി ആദ്യവിൽപന നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, പഞ്ചായത്തംഗം പി. സത്യഭാമ, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി യാമിനി വർമ, എൻ. അനിൽകുമാർ, എസ്. പ്രമോദ്, എം.സി. ശ്രീധരൻ, പി.എം. മുരളീധരൻ, സി. ലക്ഷ്മണൻ, കെ. ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു. --------- photo: mv govindan mayyil ഇരിക്കൂർ ബ്ലോക്കുതല ഫെഡറേറ്റഡ് സമിതിയുടെ കാർഷിക നഴ്‌സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി എം.വി. ഗോവിന്ദൻ സ്റ്റാൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.