പയ്യന്നൂർ: സി.പി.എം നേതാവ് എം. സ്വരാജിന്റെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ വി. കുഞ്ഞികൃഷ്ണൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സ്വരാജ് നടത്തിയ പരാമർശങ്ങൾക്കാണ് ഫേസ്ബുക് കുറിപ്പിൽ മറുപടിയുമായി രംഗത്തെത്തിയത്.
‘നിങ്ങളുടെ ഏത് ചോദ്യങ്ങൾക്ക് മറുപടി തരാനും തെളിവുകൾ നിരത്തി വ്യക്തത വരുത്താനും ഞാൻ തയ്യാറാണ്, വ്യക്തമാകാത്ത ഭാഗങ്ങൾ വ്യക്തമാകും വരെ വിശദീകരിക്കാനും തയ്യാറാണ്. നിങ്ങളതിന് തയ്യാറാണോ എന്നതാണെൻ്റെ ചോദ്യം? ആദ്യഘട്ടത്തിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. പക്ഷെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ വാളോങ്ങിയാണ് നേതൃത്വം അതിനെ നേരിട്ടത്. കഴിഞ്ഞ തവണ എന്നെ ഉദ്ദേശിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞത് "ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ടിന്റെ കണക്കിൽ മറുപടി പറയണോ" എന്നാണല്ലോ? ആരാണ് കള്ളൻ സ്വരാജേ? ഞങ്ങളുടെ പോരാട്ടം ആശയ പോരാട്ടമാണ്. ഞങ്ങൾ നടത്തുന്ന പോരാട്ടം പാർട്ടിയിലെ ചങ്ങാത്ത മുതലാളിത്ത പാതക്കാർക്കെതിരായിട്ടാണ്.
പാർട്ടി ഏത് ആവശ്യത്തിനു വേണ്ടി പണം പിരിക്കുന്നുവോ ആ ആവശ്യത്തിനു വേണ്ടിയേ ഉപയോഗിക്കൂ എന്ന സ്വരാജിന്റെ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത സഖാവിന്റെ കുടുംബത്തെ സംരക്ഷിക്കാൻ പിരിച്ച തുകയുടെ വിനിയോഗം. രക്തസാക്ഷി കുടുംബത്തോട് നടത്തിയ ഈ നീതികേടിനെ പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിന് ആര് വിശുദ്ധ പട്ടം ചാർത്തിയാലും നീതീകരിക്കാൻ സാധിക്കില്ല’ -അദ്ദേഹം പറഞ്ഞു.
പ്രീയപ്പെട്ട സഖാവ് സ്വരാജിന്,
വസ്തുതകളുടെ കരുത്തിൽ നിന്നാർജ്ജിച്ച നിശ്ചയദാർഢ്യമാണ് ഞങ്ങളുടെ പോരാട്ട ശക്തി.
ഈ പോരാട്ടത്തിൽ എന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്നവർക്ക് നേരെ വ്യക്തിയാധിക്ഷേപവും, ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരെ ജനാധിപത്യ ധ്വംസനവുമാണ് നേരിട്ടത്. ഈ ഒരു യാഥാർഥ്യത്തിൽ നിന്നാണ് ഞാൻ മറുപടികൾ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ദേശാഭിമാനിയിൽ നേതാക്കൾക്ക് വേണ്ടി ലേഖനമെഴുതി നൽകുന്നതിന്റെ ഓർമയിൽ സ്വരാജ് എന്റെ മറുപടികളെ സമീപിക്കേണ്ടതില്ല.
ഉന്നയിച്ച ചോദ്യങ്ങൾക്ക് നാളിതുവരെയായി യാതൊരു തരത്തിലുമുള്ള മറുപടിയും പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന വസ്തുത ഇപ്പോഴും നിലനിൽക്കയാണ്. അതുകൊണ്ട് തന്നെ പുകമറ സൃഷ്ടിക്കേണ്ട സാഹചര്യമുള്ളത് ഞങ്ങൾക്കല്ല, പാർട്ടി നേതൃത്വത്തിനാണെന്ന് മനസിലാക്കുക!
പുകമറയിൽ നിന്ന് കൊണ്ട് ഒരു പോരാട്ടവും ഇത്രയും നാൾ മുന്നോട്ട് പോകില്ലെന്ന ബോധ്യമെങ്കിലും സ്വരാജിന് ഉണ്ടാവേണ്ടതാണ്. പ്രത്യേകിച്ച് പയ്യന്നൂരിൽ. അതിൽ നിന്ന് തിരിച്ചറിയുക ഏതൊരു പോരാട്ടത്തിനും ശക്തിപകരുന്നത് സത്യത്തിന്റെ കരുത്താണെന്ന്.
നിങ്ങളുടെ ഏത് ചോദ്യങ്ങൾക്ക് മറുപടി തരാനും തെളിവുകൾ നിരത്തി വ്യക്തത വരുത്താനും ഞാൻ തയ്യാറാണ്, വ്യക്തമാകാത്ത ഭാഗങ്ങൾ വ്യക്തമാകും വരെ വിശദീകരിക്കാനും തയ്യാറാണ്. നിങ്ങളതിന് തയ്യാറാണോ എന്നതാണെൻ്റെ ചോദ്യം?
ആദ്യഘട്ടത്തിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. പക്ഷെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ വാളോങ്ങിയാണ് നേതൃത്വം അതിനെ നേരിട്ടത്.
സൂര്യനെ പോലെ വസ്തുതകൾ ജ്വലിച്ച് നിൽക്കുമ്പോൾ, പാർട്ടിയിലെ മുതലാളിത്തവൽകരണത്തെ എതിർക്കാതെ സമരസപ്പെട്ട് നിൽക്കുന്നത് നാളിതുവരെ ആർജ്ജിച്ച കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ബലി കഴിക്കുന്നതിന് തുല്യമാണെന്ന ബോധ്യമാണ് പാർട്ടിക്ക് പുറത്ത് പോരാടാൻ എന്നെ പ്രേരിപ്പിച്ചത്.
ഞങ്ങളുടെ പോരാട്ടത്തിന്റെ ലക്ഷ്യം തന്നെ ജനങ്ങളെ പാർട്ടി കേൾക്കുന്ന സാഹചര്യം സൃഷ്ടിക്കലാണ്. അണികൾ നേതൃത്വത്തെ തിരുത്തലാണ്!
ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വിമർശ്ശനം രാഷ്ട്രീയമായും ആശയപരവുമായാണ് ഉന്നയിക്കേണ്ടത് എന്ന സ്വരാജിന്റെ വാദത്തോട് അതുകൊണ്ട് തന്നെ ഞാൻ പൂർണ്ണമായും യോജിക്കുന്നു. പക്ഷെ നിങ്ങൾ ആ നിലപാടിൽ തന്നെ ആയിരുന്നോ അന്ന്. കഴിഞ്ഞ തവണ എന്നെ ഉദ്ദേശിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞത് "ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ടിന്റെ കണക്കിൽ മറുപടി പറയണോ" എന്നാണല്ലോ? ആരാണ് കള്ളൻ സ്വരാജേ?
ഞങ്ങളുടെ പോരാട്ടം ആശയ പോരാട്ടമാണ്. ഞങ്ങൾ നടത്തുന്ന പോരാട്ടം പാർട്ടിയിലെ
ചങ്ങാത്ത മുതലാളിത്ത പാതക്കാർക്കെതിരായിട്ടാണ്.
എന്നാൽ നാളിതുവരെ ആ രാഷ്ട്രീയ മര്യാദ ഞങ്ങളോട് നിങ്ങൾ കാണിച്ചിരുന്നോ എന്ന് സ്വരാജ് ആലോചിക്കേണ്ടതുണ്ട്. ഇപ്പറഞ്ഞ വ്യക്തിപരമായ വിമർശനത്തെ രാഷ്ട്രീയ വിമർശനമായി സമീകരിക്കാനുള്ള ചെപ്പടിവിദ്യ എന്താണെന്ന് കൂടി സ്വരാജ് വ്യക്തമാക്കിയാൽ നന്നായിരിക്കും.
ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സ്വരാജ് വിമർശിച്ചത്, ഏരിയ സമ്മേളനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടതിന്റെ പകയാണ് എന്റെ ആരോപണങ്ങൾക്കെല്ലാം അടിസ്ഥാനമെന്നാണ്!
രാഷ്ട്രീയ വിമർശനത്തിലും ആശയ സമരങ്ങളിലും വേണം ഊന്നൽ നൽകാൻ എന്ന് പറഞ്ഞ് നിമിഷങ്ങൾക്കകം തന്റെ സ്ഥായീ രീതിയായ വ്യക്തി വിമർശനത്തിലേക്ക് സ്വരാജ് കടന്നെങ്കിൽ, സ്വരാജിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള വൈരുധ്യമല്ലേ അതിൽ മുഴച്ച് നിൽക്കുന്നത്.
തനിക്ക് നേരെ വിമർശന ശരങ്ങൾ ഉയരുമ്പോൾ എടുത്തണിയേണ്ട മേലങ്കിയല്ല "രാഷ്ട്രീയ വിമർശനവും ആശയ വിമർശനവും". അതിനെ ആത്മാർത്ഥമായി പാലിക്കാനും പിന്തുടരാനും സ്വരാജിനും സാധിക്കണം.
20299 നമ്പർ ബേങ്ക് അക്കൗണ്ട് പയ്യന്നൂർ ഏരിയ കമ്മറ്റിയുടെ അക്കൗണ്ട് ആണെന്നതും അതിൽ നടക്കുന്ന ക്രയവിക്രയാധികാരം ഏരിയ സെക്രട്ടറിയിൽ മാത്രം നിക്ഷിപ്തമാണെന്നും, ഏരിയ സെക്രെട്ടറിയായ ഞാൻ തന്നെ ഉപയോഗിച്ചതാണെന്നും ഞാൻ അസന്നിഗ്ദമായി പറയുന്നു. പുകമറ നീങ്ങിയല്ലോ!
ഒന്നുകൂടി വ്യക്തതയ്ക്ക് വേണ്ടി പറയുന്നു "ഏരിയ സെക്രട്ടറിക്ക് മാത്രമാണ് ഈ അക്കൗണ്ടിന്റെ ക്രയവിക്രയാധികാരം". കൂടുതൽ ലളിതമായി പറഞ്ഞാൽ ഏരിയ സെക്രട്ടറിക്ക് മാത്രമേ ഇതിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ എന്നാണ് പരാമർശിക്കുന്നത്. കുറച്ചുകൂടി സാങ്കേതികത്വം കുറച്ച് പറഞ്ഞാൽ ഏരിയ സെക്രട്ടറി വ്യക്തിഗതമായി ഉപയോഗിക്കുന്ന അക്കൗണ്ട് തന്നെയാണത്!
സുതാര്യമായും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യേണ്ടുന്നതും, ഏരിയ കമ്മറ്റിയെ അതാത് മാസം കണക്ക് ബോധ്യപ്പെടുത്തേണ്ടതുമായ ഈ അക്കൗണ്ടിലേക്ക് ധനരാജ് കുടുംബ സഹായ നിധിയിലെ അഞ്ച് ലക്ഷം രൂപ ചെക്ക് മുഖേന ട്രാൻസ്ഫർ ചെയ്യുന്നു. ഏരിയ സെക്രട്ടറിക്ക് മാത്രം ക്രയവിക്രയാധികാരമുള്ള ഈ അക്കൗണ്ടിൽ നിന്ന് ഈ തുക പിൻവലിക്കുന്നു. കമ്മറ്റിയിൽ കണക്ക് അവതരിപ്പിക്കാതെ ഈ ക്രയവിക്രയം മറച്ച് വയ്ക്കുന്നു. തെളിവുകൾ രണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ മാത്രം ഒതുങ്ങുമെന്ന് കരുതരുത്. തുടർന്നും പ്രതീക്ഷിക്കണം.
പാർട്ടി ഏത് ആവശ്യത്തിനു വേണ്ടി പണം പിരിക്കുന്നുവോ ആ ആവശ്യത്തിനു വേണ്ടിയേ ഉപയോഗിക്കൂ എന്ന സ്വരാജിന്റെ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത സഖാവിന്റെ കുടുംബത്തെ സംരക്ഷിക്കാൻ പിരിച്ച തുകയുടെ വിനിയോഗം. രക്തസാക്ഷി കുടുംബത്തോട് നടത്തിയ ഈ നീതികേടിനെ പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിന് ആര് വിശുദ്ധ പട്ടം ചാർത്തിയാലും നീതീകരിക്കാൻ സാധിക്കില്ല.
പത്രസമ്മേളനത്തിൽ ചെങ്കൊടിക്ക് പിന്നിൽ കുമിഞ്ഞ് കൂടുന്ന മൂലധനം എന്ന പരാമർശം സ്വരാജ് ഉന്നയിക്കുന്നു. ആ മൂലധനം ഉണ്ടായത് ജനങ്ങൾക്ക് ഈ പാർട്ടിയുടെ മേലുള്ള വിശ്വാസത്തിന്മേലാണ് എന്ന് അടിവരയിടാൻ ശ്രമിക്കുന്നു. സകലതും സമീകരിക്കാൻ ഉദാഹരണങ്ങൾ നിരത്തുന്ന സ്വരാജ്, പയ്യന്നൂരിലെ പാർട്ടിയിൽ നിലനിൽക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ യാഥാർത്ഥ്യങ്ങളെ ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.
റിയൽ എസ്റ്റേറ്റ് മാഫിയകൾ പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഒരു പരിധിവരെ അത് അവരുടെ കയ്യിലുമാണ്. പാർട്ടിക്ക് വേണ്ടി ധനസമാഹരണം നടത്തുന്നതിന് പോലും റിയൽ എസ്റ്റേറ്റ് മാഫിയകളെ ഉപയോഗപ്പെടുത്തുന്നു. സാധാരണ പാർട്ടി പ്രവർത്തകരുടെ സംഭാവനയിൽ കെട്ടിപ്പടുത്ത ഈ പാർട്ടിയെ തങ്ങളുടെ സ്വകാര്യമൂലധന താലപര്യങ്ങൾക്ക് വേണ്ടി ചിലർ ഉപയോഗപ്പെടുത്തുമ്പോൾ അതിനെ സാകൂതം വീക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് ബോധമുള്ള വ്യക്തികൾക്ക് സാധിക്കില്ല. അത് കൊണ്ട് തന്നെ ഈ പോരാട്ടത്തിന്റെ രാഷ്ട്രീയമാനം പ്രത്യയ ശാസ്ത്രത്തിൽ ബന്ധിതമാണ്.
സ്വരാജിന്റെ പ്രസ്താവനയിൽ കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശനമുണ്ട്. ഇതേ സ്വരാജ് തന്നെ പാർട്ടിയിൽ നിന്ന് പുറത്ത് പോയവർക്ക് യുഡിഎഫ് അങ്ങോട്ട് പോയി പിന്തുണ നൽകിയതിന്റെ അവലോകനം ആദ്യ പത്രസമ്മേളനത്തിൽ പരാമർശിച്ചത് ബോധപൂർവ്വം മറന്നതായിരിക്കും.
രാഷ്ട്രീയമായ ഈ പോരാട്ടത്തിൽ ഞാൻ എതിർക്കുന്നത് പയ്യന്നൂരിലെ പാർട്ടിയിൽ നിലനിൽക്കുന്ന മുതലാളിത്തവൽക്കരണ സമീപനങ്ങളെയാണ്. സമാന്തര ഭരണവ്യവസ്ഥ സ്ഥാപിച്ച്, നവ ജന്മിത്വത്തിലേക്ക് നയിക്കുന്ന പാർട്ടി നേതൃത്വത്തെയാണ്. അവർ സ്ഥാപിക്കുന്ന സമാന്തര അധികാര സംവിധാനത്തിന് ആധികാരിക ശക്തി പകരുന്നത് അവർ അലങ്കരിക്കുന്ന അധികാര സ്ഥാനമാണ്! അധികാരികളുടെ സ്വഭാവത്തിനനുസരിച്ച് അവർ നടത്തുന്ന ചൂഷണത്തിന്റെ രീതി നിർണ്ണയിക്കപ്പെടുന്നു എന്നതിനാൽ തന്നെ ഈ പോരാട്ടം ലക്ഷ്യം വയ്ക്കുന്നത് അത്തരം ചൂഷണങ്ങളെ തച്ചുടക്കുന്നതിലാണ്.
ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക ആബാലവൃദ്ധം ജനങ്ങളായിരിക്കും എന്ന ധാരണയിലാണ് രാഷ്ട്രീയത്തിനതീതമായി യുഡിഎഫ് ഒന്നടങ്കം പിന്തുണ നൽകിയത്. ഇത്തരം പിന്തുണകൾക്ക് ചരിത്രപരവും കാലികവുമായ അനവധി ഉദാഹരണങ്ങളുണ്ട്. നേരത്തെ പറഞ്ഞ അക്കാര്യങ്ങൾ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ.
പാർലിമെന്ററി രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിച്ചതല്ല. ശക്തമായ തെളിവുകൾ നിരത്തിയിട്ടും, ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് ആരോപിതനെ തന്നെ സ്ഥാനാർത്ഥിയാക്കിയ പാർട്ടിയുടെ നിലപാടിനോടുള്ള പ്രതിഷേധമാണ് എന്റെ സ്ഥാനാർത്ഥിത്വം.
ഈ പോരാട്ടത്തിൽ എന്റെ ബോധ്യം അത്രമേൽ ശക്തമായതിനാൽ, ഞാൻ ഉറച്ച് പറയുന്നു, തെറ്റ് തിരുത്തേണ്ടത് നേതൃത്വമാണ്.
പോരാട്ടം തുടരുക തന്നെ ചെയ്യും!
വി കുഞ്ഞികൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.