ആവേശമായി നേവൽ അക്കാദമി ബാൻഡ് സംഘം

കണ്ണൂർ: സിരകളിൽ ദേശാഭിമാനം പകർന്ന് ഏഴിമല നേവൽ അക്കാദമി ബാൻഡ് സംഘത്തിന്റെ സംഗീതവിരുന്ന്. ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് വാദ്യസംഗീത പരിപാടി അവതരിപ്പിച്ചത്. എൻ.സി.സി, എസ്.പി.സി വിദ്യാർഥികളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസ്സ് സൈനിക സംഗീതത്താൽ സാന്ദ്രമായി. ജില്ല ഭരണകൂടം, ഡി.ടി.പി.സി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന പരിശീലനം നേടി അന്തർദേശീയതലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘം ഒരുമണിക്കൂർ നേരമാണ് ആസ്വാദകരുടെ മനംകവർന്നത്. സാരേ ജഹാം സെ അച്ഛാ... വിവിധ ദേശഭക്തിഗാനങ്ങൾ, ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി പത്തിലധികം ഇനങ്ങളാണ് അവതരിപ്പിച്ചത്. മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ എസ്. ജാനകിരാമന്റെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് സംഗീതപരിപാടി അവതരിപ്പിച്ചത്. ഫ്ലൂട്ട്, ക്ലാരിനെറ്റ്, വിവിധ തരം സാക്സഫോണുകൾ, ഗിറ്റാർ, കീബോർഡ്, ജാസ്ഡ്രം, തബല, സൈലഫോൺ തുടങ്ങി 17 തരം സംഗീതോപകരണങ്ങൾ ചടങ്ങിനെ പ്രൗഢഗംഭീരമക്കി. ബാൻഡിനോടൊപ്പം സദസ്സിന്റെ കരഘോഷവും ചേർന്നതോടെ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷാഘോഷം ആവേശകരമായി. കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നേവൽ ബാൻഡിന് ഉപഹാരം നൽകി. ഏഴിമല നാവികസേന അക്കാദമിയെ പ്രതിനിധാനംചെയ്ത് കമാൻഡർ എസ്. സുനിൽ കുമാർ, ഓഫിസർ ഇൻ ചാർജ് ലെഫ്റ്റനന്റ് കമാൻഡർ പ്രതിക്ക് ധാരിയ, പബ്ലിക് റിലേഷൻസ് ഓഫിസർ ലെഫ്റ്റനന്റ് കമാൻഡർ വിഷ്ണു എസ്. നായർ, ബാൻഡ് ഇൻ ചാർജ് ചീഫ് പെറ്റി ഓഫിസർ എസ്. ജാനകീരാമൻ, കണ്ണൂർ എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജീഷ് കുമാർ എന്നിവർ സംബന്ധിച്ചു. -------- photo: band navy ഏഴിമല നേവൽ അക്കാദമി ബാൻഡ് സംഘത്തിന്റെ സംഗീതവിരുന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.