കണ്ണൂർ ഗവ. മെഡിക്കൽ കോളജ്; ശമ്പളപ്രശ്നത്തിന് താൽക്കാലിക പരിഹാരം

സ്പാർക്കിൽ ഉൾപ്പെടാൻ ഇനിയും കടമ്പകൾ പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ഉത്തരവ് ഇറങ്ങി. സർക്കാർ ഏറ്റെടുത്തശേഷം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ബിംസ് വഴിയാണ് ശമ്പളം നൽകിവരുന്നത്. സ്പാർക്ക് വഴി മാത്രമേ ശമ്പളം നൽകാൻ സാധിക്കുകയുള്ളൂ എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ മാസത്തെ ശമ്പളം ഇതുവരെയായി നൽകാൻ സാധിച്ചിട്ടില്ല. ഇതിനാണ് പരിഹാരമായത്. ആഗിരണത്തിന്റെ ഭാഗമായുള്ള സ്ഥിരജീവനക്കാർക്ക് ബിംസ് വഴി ശമ്പളം നൽകാനുള്ള ഉത്തരവ് കഴിഞ്ഞ 17ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ, കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെയുള്ള 328 ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വിഷയം ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ അടിയന്തര ശ്രദ്ധയിൽ എം. വിജിൻ എം.എൽ.എ കൊണ്ടുവരുകയും ഇതിന്റെ അടിസ്ഥാനത്തിൽ 328 ജീവനക്കാരുടേത് ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും രണ്ടുമാസത്തേക്കുകൂടി നിലവിലുള്ളരീതിയിൽ ശമ്പളം നൽകാനുള്ള സർക്കാർ അനുമതി നൽകി ഉത്തരവാകുകയുമായിരുന്നു. എന്നാൽ, ഇതര സർക്കാർജീവനക്കാർക്ക് ലഭിക്കുന്നതുപോലെ കൃത്യമായി ശമ്പളം ലഭിക്കാൻ തുടർമാസങ്ങളിലും കാത്തിരിക്കേണ്ടിവരും. ജീവനക്കാരുടെ യോഗ്യതകൾ പരിശോധിച്ച് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കുന്നതിലെ കാലതാമസമാണ് സർവിസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റിവ് റെപ്പോസിറ്ററി ഫോർ കേരള (സ്പാർക്ക്)യിൽ ഇടം പിടിക്കുന്നതിന് തടസ്സമാകുന്നത്. കോളജ് ഏറ്റെടുത്തതിനുശേഷം തസ്തികകൾ പുനർനിർണയിക്കുന്ന പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. നേരത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിശോധനകൾ പൂർത്തിയാക്കി സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മറ്റ് ജീവനക്കാരുടെ പരിശോധന പൂർത്തിയായെങ്കിലും തുടർനടപടികൾ നടന്നുവരുന്നതേയുള്ളൂ. വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ഇവരെ പുനർനിർണയിക്കേണ്ടിവരും. നിശ്ചിത യോഗ്യതയില്ലാത്തവർക്ക് സീനിയോറിറ്റി ഉൾപ്പെടെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. ഇത് ഇപ്പോൾ നൽകിവരുന്ന ശമ്പളത്തിൽ വേരിയേഷന് കാരണമാകും. പുനർനിർണയം പൂർത്തിയായാൽ മാത്രമേ സ്ഥാപനത്തിൽ ശമ്പളത്തിന് എത്ര തുക വകയിരുത്തണമെന്ന കണക്കുപോലും ലഭിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.