വന്യജീവി ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനം മന്ത്രിഎ.കെ. ശശീന്ദ്രന് സംസാരിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന് സമീപം
ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാൻ വയനാട്ടില്‍നിന്നുള്ള പ്രത്യേക സംഘം രണ്ടു ദിവസത്തിനകം ജില്ലയിലെത്തും. വന്യജീവി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ പ്രത്യേക സംഘമാകും ഇടുക്കിയിലെത്തുക. ഇവർ അക്രമകാരികളായ ആനകളെ നിരീക്ഷിക്കുകയും ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വന്യജീവി ആക്രമണങ്ങളില്‍നിന്ന് സുരക്ഷ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുമായി വനം ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ശല്യം നേരിടാൻ നിലവിലുള്ള റാപിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി) കൂടാതെ താൽക്കാലികമായി അധിക ആര്.ആര്.ടികള്‍ സജ്ജമാക്കും. വന്യജീവി ആക്രമണങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ എം.എം. മണി, വാഴൂര്‍ സോമന്, എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടര്‍ ഷീബ ജോര്‍ജ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാസിങ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, വനം വകുപ്പ് നോഡല്‍ ഓഫിസര്‍ ആർ.എസ്. അരുണ്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.വി. വര്‍ഗീസ്, കെ. സലിംകുമാര്‍, സി.പി. മാത്യു, കെ.കെ. ജയചന്ദ്രന്, ജോസ് പാലത്തിനാല്‍, പി. രാജന്, അനില്‍ കൂവപ്ലാക്കല്‍, എം.എൻ. ജയചന്ദ്രന്, ആമ്പല്‍ ജോര്‍ജ്, എം.ജെ. ജേക്കബ്, കെ.എന്‍. റോയി, എം.കെ. പ്രിയന്, പി.കെ. ജയന്, സിബി മൂലപ്പറമ്പില്‍, സിനോജ് വള്ളാടി, അരുണ്‍ പി. മാണി, എം.ഡി. അര്ജുനന് തുടങ്ങിയവര്‍ പങ്കെടുത്തു.
വന്യജീവി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ച സർവകക്ഷി യോഗത്തിൽ വനം വകുപ്പിന് രൂക്ഷവിമർശനം. വന്യജീവി ആക്രമണം രൂക്ഷമായിട്ടും ജില്ലയുടെ പ്രശ്നങ്ങളോട് വനം വകുപ്പ് മുഖം തിരിക്കുന്നു എന്ന ആരോപണമാണ് യോഗത്തിൽ ഭരണകക്ഷിയിലെ ഉൾപ്പെടെ പാർട്ടികളുടെ പ്രതിനിധികൾ ഉന്നയിച്ചത്.
ആക്രമണകാരികളായ ആനകളെ ഉടൻ പിടികൂടണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് ആവശ്യപ്പെട്ടു. ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഓമനപ്പേരിട്ട് വിളിക്കുകയാണ്. ജനജീവിതത്തിന് ഭീഷണിയായ ആനകളുടെ കാര്യത്തിൽ പാലക്കാട്ടെ മാതൃക ഇടുക്കിയിലും സ്വീകരിക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടു.
ജില്ലയിൽ മനുഷ്യൻ വേണ്ട, വന്യജീവികൾ മാത്രം മതി എന്നതാണ് വനം-വന്യജീവി വകുപ്പിന്റെ നിലപാടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ കുറ്റപ്പെടുത്തി. ഒരു കുങ്കിയാനയും ഒരു വണ്ടിയും ഇടുക്കിക്ക് വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉറപ്പുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ സർവകക്ഷി യോഗത്തിന് പ്രസക്തിയില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ആർ.ആർ.ടി സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുഴപ്പക്കാരായ ആനകളെ പിടികൂടണമെന്ന് എം.എം. മണി എം.എൽ.എ ആവശ്യപ്പെട്ടു. അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും മൊട്ടവാലനെയും പടയപ്പയെയും പിടികൂടണം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.