തൊടുപുഴ: അരിക്കൊമ്പനെ പിടികൂടി മാറ്റാനുള്ള നടപടികൾ നീണ്ടുപോകുന്നതിനിടെ ജില്ലയുടെ വിവിധയിടങ്ങളിൽ വന്യമൃഗ ശല്യം തുടരുന്നു. ചൊവ്വാഴ്ച പുലർച്ചയും അരിക്കൊമ്പൻ ഒരു വീട് തകർത്തു. പിഞ്ചുകുഞ്ഞുമായി വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. അതേസമയം, അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ആനയെ കൊണ്ടുവരുന്നതിനെച്ചൊല്ലി പറമ്പിക്കുളടത്തടക്കം ജനകീയ പ്രതിഷേധം ഉടലെടുത്തത് ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, കാട്ടാനകളെ കൂടാതെ മൂന്നാർ, കട്ടപ്പന എന്നിവിടങ്ങളിലടക്കം പുലി, കാട്ടുപോത്ത് എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇറങ്ങി ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. മൂന്നാർ മേഖലയിലടക്കം നിരവധി പേരുടെ കാലികളെയും മറ്റുമാണ് വന്യമൃഗങ്ങൾ ഇറങ്ങി കൊന്നുതിന്നുന്നത്. കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ചാണ് ഇവയുടെ വിളയാട്ടം. ഇത്രയേറെ മനുഷ്യജീവനുകൾ ഇല്ലാതാക്കി നഷ്ടംവരുത്തുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതെന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.
കട്ടപ്പന: മൂവാറ്റുപുഴ- തേനി സംസ്ഥാനപാതയിൽ പുളിയന്മല പൊലീസ് വളവിൽ കാട്ടുപോത്തിറങ്ങി. മൂവാറ്റുപുഴ തേനി സംസ്ഥാനപാതയിൽ പുളിയന്മല പൊലീസ് വളവിൽ ചൊവ്വാഴ്ച പുലർച്ചയാണ് കാട്ടുപോത്തിറങ്ങിയത്. പുലർച്ച ഈ റോഡിലൂടെ കടന്നുപോയ വാഹന യാത്രക്കാരും പത്രവണ്ടിക്കാരും കാട്ടുപോത്തിനെ കണ്ടതായി പറയുന്നു. രാവിലെ ഈ മേഖലയിലെ ഏലത്തോട്ടത്തിൽ കാട്ടുപോത്തിന്റെ കാൽപാടുകൾ കണ്ടു. ഇതേ തുടർന്ന് ഏലക്കാട്ടിൽ പണിക്കിറങ്ങാൻ തൊഴിലാളികൾ മടികാണിച്ചു. തുടർന്ന് ഏലക്കാട്ടിൽ വ്യാപകമായ തിരച്ചിൽ നടത്തിയശേഷമാണ് തൊഴിലാളികൾ പണിക്കിറങ്ങിയത്.
കാട്ടുപോത്തിനെ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുലിയന്മല ഫോറസ്റ്റ് റേഞ്ച് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥർ എത്തി കാട്ടുപോത്തിന്റെ കാൽപാടുകൾ പരിശോധിച്ചു. കാൽപാടുകൾ കാട്ടുപോത്തിന്റേതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കണ്ണൻ ദേവൻ കമ്പനിയുടെ കുണ്ടള എസ്റ്റേറ്റ് തീർഥമല ഡിവിഷനിലാണ് ചൊവ്വാഴ്ച രാവിലെ പുലിയെ കണ്ടത്
മൂന്നാർ: അപ്രതീക്ഷിതമായി മുന്നിൽപെട്ട പുലികളെ കണ്ട് ചിതറിയോടി തോട്ടം തൊഴിലാളി സ്ത്രീകൾ. കണ്ണൻ ദേവൻ കമ്പനിയുടെ കുണ്ടള എസ്റ്റേറ്റ് തീർഥമല ഡിവിഷനിൽ ചൊവ്വാഴ്ച രാവിലെ 7.45നാണ് സംഭവം.
ഡിവിഷനിലെ എട്ടാം നമ്പർ ഫീൽഡിലേക്ക് കൊളുന്ത് ശേഖരിക്കാൻ എസ്റ്റേറ്റ് റോഡിലൂടെ നടന്ന് പോകുകയായിരുന്നു 18 തൊഴിലാളി സ്ത്രീകൾ. സൂപ്പർവൈസർ ശിവകുമാറും ഒപ്പമുണ്ടായി. ലയങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ ഫീൽഡ്. അരക്കിലോമീറ്റർ പിന്നിട്ട് വളവ് തിരിഞ്ഞപ്പോഴാണ് 20 മീറ്റർ മാത്രം അകലെ തേയിലച്ചെടികൾക്കിടയിൽ ഒരാൾപ്പൊക്കമുള്ള പാറയുടെ മുകളിൽ രണ്ട് പുലികൾ കിടക്കുന്നത് കണ്ടത്. ശബ്ദംകേട്ട് പുലികൾ എഴുന്നേറ്റതോടെ എല്ലാവരും ഭയന്ന് ഒച്ചവെച്ച് തിരിച്ചോടി. പുലികൾ രണ്ടും സമീപത്തെ ചോലയിലേക്ക് ഓടിമറയുകയും ചെയ്തു. ഈ ഫീൽഡിൽ ചൊവ്വാഴ്ച കൊളുന്ത് ശേഖരണം നിർത്തിവെച്ച് തൊഴിലാളികളെ നാലാം നമ്പർ ഫീൽഡിലേക്ക് മാറ്റി.
നാലുദിവസം മുമ്പ് തീർഥമലയിലെ തൊഴിലാളി കാട്ടുരാജയുടെ കറവപ്പശുവിനെ പുലി ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തൊഴിലാളി ലയങ്ങൾക്ക് 50 മീറ്റർ അടുത്ത് വരെ എത്തിയ പുലി മാനിനെ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടതായി തൊഴിലാളികൾ പറയുന്നു.
തീർഥമലയിൽനിന്ന് നാല് കിലോമീറ്റർ തേയിലത്തോട്ടത്തിലൂടെ നടന്നാണ് ഈ ഡിവിഷനിലെ കുട്ടികൾ സ്കൂളിൽ പോകുന്നത്. ഇവിടെ പലതവണ പുലികളെ കണ്ടതോടെ മാതാപിതാക്കളും ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇവിടെ കൂട് സ്ഥാപിച്ച് പുലികളെ പിടികൂടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.