വന്യമൃഗശല്യം; നോഡൽ ഓഫിസറെ നിയമിച്ചു

തൊടുപുഴ: മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് നോഡൽ ഓഫിസറെ നിയമിച്ച് ഉത്തരവ്. ഇടുക്കിയിൽ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെയാണ് നോഡൽ ഓഫിസർമാരായി നിയമിച്ചിരിക്കുന്നത്. വന്യ ജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം നൽകൽ, വനേതര പ്രദേശങ്ങളിൽ നിയമാനുസൃതം മരം മുറിക്കുന്നതിനുള്ള അനുമതി നൽകൽ തുടങ്ങി വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിനും അടിയന്തര പ്രധാന്യമുള്ള വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുമാണ് നോഡൽ ഓഫിസർമാരെ നിയമിക്കുന്നത്.

നോർത്ത്, ഈസ്റ്റ്, സൗത്ത്, സെൻട്രൽ, ഹൈറേഞ്ച് സർക്കിളുകളിലെ സി.സി.എഫുമാർ നോഡൽ ഓഫിസർമാരായി പ്രവർത്തിക്കും.ഓരോ സർക്കിളുകളിലെയും പ്രവർത്തന റിപ്പോർട്ട് മാസത്തിലൊരിക്കൽ സർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വിവിധ തലത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവും നിലപാടും സ്വീകരിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

പൊതുജനങ്ങൾക്ക് ബന്ധപ്പെടാനാകും വിധം ടോൾ ഫ്രീ നമ്പറുകൾ ലഭ്യമാക്കാനും വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഹൈറേഞ്ച് മേഖലയിൽ അടുത്തിടെ വന്യ മൃഗ ശല്യം അതിരൂക്ഷമാണ്. നിരവധി ജീവനുകൾ, വളർത്തു മൃഗങ്ങൾ എന്നിവയൊക്കെയാണ് വന്യമൃഗങ്ങൾ ഇല്ലാതാക്കുന്നത്. തോട്ടം തൊഴിലാളികൾക്ക് വന മേഖലകളിൽ കാലി കൃഷിയടക്കം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

വന്യ ജീവികൾ നാട്ടിലിറങ്ങാത്ത സാഹചര്യം വളർത്തിയെടുക്കുക വഴി ഇവയുടെ ശല്യം കുറക്കാനുള്ള നടപടികളും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.ഇത്തരം കാര്യങ്ങളിൽ ജില്ലയുടെ സാഹചര്യത്തിനനുസരിച്ച് പ്രശ്നങ്ങൾ തീർപ്പു കൽപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനുമായാണ് നോഡൽ ഓഫിസറെ നിയമിച്ചിരിക്കുന്നത്.

Tags:    
News Summary - Wild animal attack; Nodal Officer appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.