തൊടുപുഴ: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കിറങ്ങിയ വാട്ടർ അതോറിറ്റിയുടെ നടപടിയിൽ ദുരിതത്തിലായി നാട്ടുകാർ. നഗരത്തിലെ വെങ്ങല്ലൂർ-കുമാരമംഗലം റോഡിന്റെ ഇടത് വശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഒരാഴ്ചയിലേറെയായി കുടിവെള്ളമില്ലാതെ വലയുന്നത്. പൊട്ടിയ പൈപ്പുകൾ മാറ്റിയിടാനായി മുന്നറിയിപ്പില്ലാതെ ജലസേചന വകുപ്പ് ഇവിടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഇവർക്ക് വിനയായത്. എന്നാൽ പണി എന്ന് തീരുമെന്നോ ഇവർക്ക് എന്ന് വെള്ളം ലഭിക്കുമോ വ്യക്തമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വെങ്ങല്ലൂർ പ്ലാവിൻചുവട് റോഡിലും ടാഗോർ റോഡിലുമുള്ള കുടുംബങ്ങളാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്. ഇവിടെ കിണറുകളിലും വെള്ളം ഇല്ലാത്ത സാഹചര്യമാണ്.
മുത്താരംകുന്ന് വരെയാണ് നിലവിൽ പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ തീരുമാനിച്ചിരിക്കുന്നതെങ്കിലും ഇത് പ്ലാവിൻചുവട് വരെ എത്തിനിൽക്കുകയാണ്. അവേശഷിക്കുന്ന പ്രവൃത്തികൾ തീർക്കാൻ ഇനി രണ്ടാഴ്ച കൂടിയെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്രയും ദിവസം കുടിവെള്ളം കിട്ടാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും കൈയൊഴിയുകയാണെന്ന് പ്രദേശവാസിയായ ചന്ദ്രബാബു പറയുന്നു.
തൊടുപുഴ: അമൃത് പദ്ധതിയുടെ ഭാഗമായി കാലഹരണപ്പെട്ട 150 എം.എം ആസ്ബസ്റ്റോസ് പൈപ്പ് മാറ്റി പി.വി.സി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ അടുത്ത 10 ദിവസത്തേക്ക് വെങ്ങല്ലൂർ സിഗ്നൽ കവല മുതൽ മുത്താരംകുന്ന് വരെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് തൊടുപുഴ സെക്ഷൻ-വൺ അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.