നായ് ഭീതിയിൽ നാട്; എ.ബി.സി സെന്റർ നിർമാണം പാതിവഴിയിൽ

തൊ​ടു​പു​ഴ: അ​പ​ക​ട ഭീ​തി​യു​യ​ർ​ത്തുന്ന തെരുവ് നായ്ക്കളെ കൊന്നൊടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചർച്ചയായി ജില്ലയിലെ തെരുവ് നായ് ശല്യം. ജില്ലയിൽ ഗ്രാമ-നഗര ദേമന്യേ ഹൈറേഞ്ചിലും ലോ റേഞ്ചിലുമെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്. എന്നാൽ പരിഹാര മാർഗങ്ങൾ തേടേണ്ട അധികൃതരാകട്ടെ നിസ്സംഗത പാലിക്കുകയാണെന്നാണ് ആക്ഷേപം. അഞ്ച് വർഷത്തിനിടെ ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് 45,810 പേർ ചികിത്സ തേടിയെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്ക്.

ഇതനുസരിച്ച് ഓരോ വർഷവും ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കണക്കനുസരിച്ച് 2021ൽ 7954 പേർക്ക് കടിയേറ്റപ്പോൾ 2022ൽ അത് 7780 ആയി ഉയർന്നു. 2023ൽ കടിയേറ്റവരുടെ എണ്ണം 8534 ആയി. തൊട്ടടുത്ത വർഷം ഇത് 10003 ആയി കുത്തനെ ഉയർന്നപ്പോൾ പോയ വർഷം കടിയേറ്റവരുടെ എണ്ണം 11539 ആയി വീണ്ടും വർധിച്ചു. ഇക്കാലയളവിൽ രണ്ട് പേർ ജില്ലയിൽ പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. കൂടാതെ 24 വളർത്തുമൃഗങ്ങളും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ജില്ലയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

എങ്ങുമെത്താതെ പ്രതിരോധ നടപടികൾ

ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലടക്കം തെരുവ് നാ‍യ് ശല്യവും ആക്രമണവും രൂക്ഷമാണ്. മൂന്നാർ, ബൈസൺവാലി, പള്ളിവാസൽ, വട്ടവട അടക്കമുളള വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് തെരുവ് നായ് ശല്യത്തെ കുറിച്ച് വിനോദ സഞ്ചാരികളുടെ പരാതി. ഇതിന് പുറമേ ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിൽ നിന്നും ആക്രമണത്തെ കുറിച്ച പരാതികൾ ദിവസേന ഉയരുന്നുണ്ട്. എന്നാൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ജില്ല പഞ്ചായത്തിനോട് ചേർന്ന് കുയിലിമലയിലെ അരയേക്കർ സ്ഥലത്ത് നിർമാണം തുടങ്ങിയ എ.ബി.സി സെന്റർ നാളുകളേറെയായിട്ടും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത് ദ്രുതഗതിയിലാക്കുന്നതിനുളള നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല. നേരത്തെ മൂന്നാറിൽ തെരുവ് നായ് ശല്യം രൂക്ഷമായതോടെ നടപടികൾ സ്വീകരിച്ച തദ്ദേശ സ്ഥാപനം നിയമ കുരുക്കിൽപെട്ടതോടെ പിന്നീട് ഉദ്യോഗസ്ഥരും കണ്ണടച്ചു. ഇതോടെ നാടെങ്ങും നായ്ക്കൾ ഭീതി വിതക്കുകയാണ്. ഇതിനിടെയാണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാമെന്ന കോടതി ഉത്തരവ് വന്നത്.

Tags:    
News Summary - The village is afraid of dogs ABC Center construction is halfway through

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.