തൊടുപുഴ: ജില്ലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക തയാറാക്കി പൊലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ലഹരി ഉപയോഗങ്ങളുടെ കണക്ക് പൊലീസ് പ്രാഥമികമായി ശേഖരിച്ചത്. കണക്കുപ്രകാരം ഇടുക്കിയിൽ മാത്രം നാർക്കോട്ടിക് ലഹരി ഉപയോഗിക്കുന്ന 2465 പേരും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന 63 പേരും ഉണ്ടെന്നാണ് പ്രാഥമികമായി ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നവരിൽ കൂടുതൽ തൊടുപുഴയിൽ
ജില്ലയിൽ തൊടുപുഴയിലാണ് ഏറ്റവും അധികം സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നവരുള്ളത്. 28 പേർ തൊടുപുഴയിൽ മാത്രമുണ്ട്. നാർകോട്ടിക് ലഹരി ഉപയോഗിക്കുന്ന 188 പേരാണ് തൊടുപുഴയിലുള്ളത്. പീരുമേട്ടിൽ ഇത് 698 പേരാണ്. നാർകോട്ടിക് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ജില്ലയിൽ മുന്നിൽ പീരുമേടാണ്.
ഇടുക്കി, മൂന്നാർ, കട്ടപ്പന മേഖലകളിൽ യഥാക്രമം 557, 545, 447 എന്നിങ്ങനെയാണ് നാർകോട്ടിക് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവർ പീരുമേട്ടിൽ 11, ഇടുക്കിയിൽ മൂന്ന്, മൂന്നാറിൽ 10, കട്ടപ്പനയിൽ രണ്ട് എന്നിങ്ങനെയാണ് പൊലീസ് കണക്ക്.
പട്ടിക, പിടിയിലായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി
മുമ്പ് ലഹരി കേസുകളിൽ പിടിയിലായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയത്. ഇവരുടെ പേര് വിവരങ്ങളടക്കം പട്ടികയിലുണ്ട്. ഇവരെ നിരീക്ഷിച്ച് ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ പദ്ധതി. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ നടന്ന ക്രൂര കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരിയുടെ ഉപയോഗം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ലഹരിക്കടത്ത് കണ്ണികൾ മുറിച്ചുമാറ്റും -ജില്ല പൊലീസ് മേധാവി
തൊടുപുഴ: ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട് കടുത്ത നടപടികളുമായി പൊലീസ് രംഗത്തുണ്ടെന്നും കർശന പരിശോധനകളടക്കം ജില്ലയിൽ ഊർജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി എ. നസീം ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്തെ പൂർണമായും ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. ഇതിനു പുറമേ, ലഹരി മാഫിയ പ്രവർത്തനങ്ങൾ തടയാൻ ജില്ലയിൽ പൊലീസിന്റെ ഡാൻസാഫ് ടീം ശക്തമായ പ്രവർത്തനം നടത്തുന്നു.
ജില്ലയിലെ ഡിവൈ.എസ്.പി ഓഫിസുകൾ കേന്ദ്രീകരിച്ച് നാല് പൊലീസുകാർ അടങ്ങുന്ന ടീം രൂപീകരിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജില്ലയിൽ രഹസ്യാന്വേഷണ വിഭാഗവും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ രംഗത്തുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ ഒരു എസ്.ഐയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ ബ്രാഞ്ച് വിഭാഗവും ജാഗ്രതയിലലാണ്. രഹസ്യമായി വിവരങ്ങൾ പൊലീസിന് പൊതുജനങ്ങൾക്ക് കൈമാറാം.
ചുറ്റുപാടുകളിൽ നടക്കുന്ന ലഹരി കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508ൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.