മൂന്ന്​ മാസത്തിനിടെ 459 കേസുകൾ; തൂഫാനായി 500 പേർ

തൊടുപുഴ: ലഹരിക്കെതിരെ സംസ്​ഥാന സർക്കാർ ആരംഭിച്ച ഓപറേഷൻ ‘തൂഫാൻ’പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിൽ മൂന്ന്​ മാസത്തിനിടെ പിടിയിലായവരുടെ എണ്ണം അഞ്ഞൂറിലേക്ക്​. ജൂൺ രണ്ടു മുതൽ ആഗസ്റ്റ്​ 30 വരെയുള്ള 459 കേസുകളിലായാണ്​ ഇത്രയധികം പേർ പിടിയിലായത്​. ഇവരിൽനിന്ന്​ 30.93 എം.ഡി.എം.എ 22.103 കഞ്ചാവ്​, 244 കഞ്ചാവ്​ ബീഡി, അഞ്ച്​ എൽ.എസ്​.ഡി സ്റ്റാമ്പ്​, 109 ഗ്രാം ഹാഷിഷ്​ ഓയിൽ, 16 കഞ്ചാവ്​ ചെടികൾ എന്നിവ കണ്ടെത്തി. ജില്ലയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലടക്കം കർശന പരിശോധനകൾ തുടരുകയാണെന്ന്​ ജില്ല പൊലീസ്​ മേധാവി എ. നസീം ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഇതോടൊപ്പം പൊലീസും എക്​സൈസുമടക്കം അതിറത്തി മേഖലകൾ കേന്ദ്രീകരിച്ച്​ കർശന പരിശോധനകൾ നടത്തുകയാണ്​.

ഓപറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരുടെ വിവരശേഖരണം നടന്നു വരികയാണ്​. ജില്ലയിൽ സിന്തറ്റിക്​ ലഹരി ഉപയോഗിക്കുന്നവർ 63 പേർ ഉണ്ടെന്നാണ്​ പ്രാഥമിക കണക്കുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാഫിയ സംഘങ്ങള്‍ ലഹരി വസ്തുക്കളുടെ വിപണനവും കടത്തലും തകൃതിയായി നടത്തി വരു​​ണ്ടെന്ന ആക്ഷേപവും ഇതോടൊപ്പം ശക്​തമാണ്​. ദിനംപ്രതി കഞ്ചാവും രാസലഹരി കേസുകളും പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കാള്‍ പതിന്‍മടങ്ങായാണ് വീണ്ടും ലഹരി മരുന്നുകളുടെ വില്‍പ്പന സജീവമാകുന്നത്.

സിന്തറ്റിക് ലഹരി വ്യാപകമാകുന്നതിനിടെ ജില്ലയില്‍ കഞ്ചാവ് വില്‍പനയും തകൃതിയായി നടന്നു വരുന്നുണ്ട്. മറ്റു ജില്ലകളില്‍ നിന്നും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയ സെലിബ്രിറ്റികളില്‍ നിന്നും സിന്തറ്റിക് ലഹരി പിടി കൂടിയ സംഭവങ്ങളും നേരത്തെയുണ്ടായിട്ടുണ്ട്. എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി എക്‌സൈസും പറയുന്നു.

ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ്. കോളജ് വിദ്യാര്‍ഥികളില്‍ ചിലര്‍ ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും തുടര്‍ന്ന്​ കൊണ്ടുപോകാന്‍ വില്‍പനക്കാരായി മാറുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - 459 cases in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.