തൊടുപുഴ: കൊടുംചൂടിലും ആവേശം ഒട്ടും കുറയാതെ തിരക്കിട്ടോടി സ്ഥാനാർഥികൾ. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പാമ്പാടുംപാറ, കോതമംഗലം, മൂവാറ്റുപുഴ, പായിപ്ര, മഞ്ഞള്ളൂർ എന്നിവിടങ്ങളിൽ എത്തി വോട്ടഭ്യർഥിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഇടുക്കി, മരിയാപുരം, ഉപ്പതോട്, രാജമുടി, ചിന്നാർ, കൊന്നത്തടി, മരിയാപുരം എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. അതേസമയം, എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ഉടുമ്പൻചോല: പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാവിലെ 6.30ന് അഞ്ഞൂറോളം വരുന്ന ഏലം, കാപ്പി തൊഴിലാളികൾ ആവേശോജ്ജ്വലമായാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. തുടർന്ന് ഏലം ഗവേഷണ കേന്ദ്രത്തിലെത്തി ജീവനക്കാരെയും തൊഴിലാളികളെയും കണ്ടും ഡീൻ വോട്ട് അഭ്യർഥിച്ചു. തൊഴിലാളികൾക്കുവേണ്ടി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓർമപ്പെടുത്തിയാണ് ഡീൻ കുര്യാക്കോസ് വോട്ട് തേടിയത്.
മൂന്നാർ: അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് വട്ടവടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോര്‍ജ്. അഭിമന്യുവിന്റെ മാതാവ് ഭൂപതിയോടും പിതാവ് മനോഹരനോടും സഹോദരൻ പരിജിത്തിനോടും അദ്ദേഹം വിശേഷങ്ങൾ തിരക്കി. അഭിമന്യുവിന്റെ പിതാവ് മനോഹരൻ വീണ് പരിക്കേറ്റതിനാൽ വിശ്രമത്തിലാണ്.
അരമണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് ഞായറാഴ്ച തുടക്കമായത്. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോര്‍ജിനൊപ്പം എ. രാജ എം.എൽ.എയുമുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാറിലെത്തിയ സ്ഥാനാർഥി മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സി.എ. കുര്യന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യം അര്‍പ്പിച്ചു.
തൊടുപുഴ: എൻ.ഡി.എ സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഉച്ചക്ക് രണ്ടിന് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തൊടുപുഴയിൽ വെങ്ങല്ലൂർ-കോലാനി ബൈപാസ് റോഡിൽ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് മുഴുവൻ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന എൻ.ഡി.എ യോഗം നടക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എയുടെ സംസ്ഥാന-ജില്ല നേതാക്കൾ സംസാരിക്കും.
തൊടുപുഴയിൽ ചേർന്ന ബി.ജെ.പി-ബി.ഡി.ജെ.എസ് സംയുക്ത നേതൃയോഗത്തിലാണ് തീരുമാനം. ബി.ജെ.പി മേഖല പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ അധ്യക്ഷത വഹിച്ചു.
ഷൈൻ കൃഷ്ണൻ, കെ.എസ്. അജി, സി. സന്തോഷ് കുമാർ, വി.എൻ. സുരേഷ്, രതീഷ് വരകുമല, പി.എ. വേലുക്കുട്ടൻ, ശ്രീനഗരി രാജൻ, സന്തോഷ് തോപ്പിൽ, വിനോദ് നാരായണൻ, പി.പി. സജ്ജീവൻ, ശ്രീവിദ്യ രാജേഷ്, പി.പി. സാനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.