തൊടുപുഴ നഗരപരിധിയിലെ കടകളിൽ നടത്തിയ പരിശോധന
തൊടുപുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നഗരപരിധിയിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ.നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ, ലഹരിപദാർഥങ്ങൾ എന്നിവയുടെ വിൽപന കണ്ടെത്തുന്നതിനും തടയുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായാണ് പരിശോധന. തൊടുപുഴ നഗരസഭ ചെയർപേഴ്സൻ സാബിറ ജലീലിന്റെ നിർദേശാനുസരണം പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് നഗരസഭ ആരോഗ്യ വിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാർ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയും സ്കൂളുകളിൽ ബോധവത്കരണവും നടത്തി.വരും ദിവസങ്ങളിൽ തുടർപരിശോധനകൾ ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും ചെയർപേഴ്സൻ അറിയിച്ചു. പരിശോധനയിൽ പൊലീസ് സബ് ഇൻസ്പെക്ടർ വി. ബിജു, ഫുഡ് സേഫ്റ്റി ഓഫിസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.