മാങ്കുളം സർക്കാർ ആശുപത്രി
അടിമാലി: മാങ്കുളം സർക്കാർ ആശുപത്രിയിലെ ഡോക്ടർ അവധിയിൽ പോയത് രോഗികളെ ദുരിതത്തിലാക്കി. കഴിഞ്ഞ ശനിയാഴ്ച മുതൽ ഡോക്ടർ അവധിയിലാണ്.എന്ന് തിരിച്ചുവരുമെന്ന് ജീവനക്കാർക്കുപോലും നിശ്ചയമില്ല. പ്രതിദിനം 250ലേറെ രോഗികളെത്തുന്ന ഇവിടെ ഡോക്ടർ അവധിയെടുത്തതോടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റി. അവികസിത പഞ്ചായത്താണ് മാങ്കുളം.
14 ആദിവാസി കോളനികൾ പഞ്ചായത്ത് പരിധിയിലുണ്ട്. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി കോളനിവാസികളും മാങ്കുളത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഡോക്ടർ ഇല്ലാത്തതിനാൽ മാങ്കുളത്തുകാർ 35 കിലോമീറ്റർ അകലെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടുന്നത്. വേനൽക്കാലമായതിനാൽ പനി ഉൾപ്പെടെ ജലജന്യ രോഗങ്ങൾ മാങ്കുളത്ത് പടർന്നുപിടിക്കുന്നുണ്ട്. ആദിവാസി കോളനികളിൽ ആരോഗ്യ വകുപ്പ് നടത്തേണ്ട ക്യാമ്പുകളും മുടങ്ങി.
നേരത്തേ രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്ന ഇവിടെ നിലവിൽ ഒരാൾ മാത്രമാണുള്ളത്. ഈ ഡോക്ടറാണ് അവധിയിൽ പോയത്. മാങ്കുളം ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ കെട്ടിടം ഉൾപ്പെടെ നിർമിച്ചിരുന്നു. ഉദ്ഘാടന തീയതിയും പ്രഖ്യാപിച്ചിരുന്നു.എന്നാൽ, തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി. പഞ്ചായത്തിന് സ്വന്തമായി ആംബുലൻസ് ഉണ്ടെങ്കിലും മാസങ്ങളായി കട്ടപ്പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.