അടിമാലി: തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ നേന്ത്രക്കായ വില കുത്തനെ ഉയര്‍ന്നു. 100 രൂപക്ക് നാലു കിലോവരെ ലഭിച്ചിരുന്ന വരവുകായ കിലോക്ക് 80 മുതല്‍ 90 രൂപവരെയെത്തി.
നാടന്‍ 90 മുതല്‍ 100 വരെയാണ് വില. തമിഴ്നാട്ടിലെ നാഗര്‍കോവില്‍, മേട്ടുപ്പാളയം, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായിരുന്നു നേന്ത്രക്കായ അധികവും എത്തിയിരുന്നത്. നേന്ത്രക്കായക്ക് പുറമെ വാഴകൃഷി സീസണ് ആരംഭിക്കുന്നതിന് മുമ്പ് വാഴവിത്തും എത്തുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം സംഭവിച്ചതാണ് ഉല്പന്നത്തിന്റെ ഇറക്കുമതി കുറയാന്‍ കാരണം. കഴിഞ്ഞ സീസണില്‍ ഹൈറേഞ്ചില്‍ ഉള്‍പ്പെടെ ജില്ലയില്‍ വാഴകൃഷി കുറവായിരുന്നു.
ഇവിടെ വ്യാപക കൃഷിനാശവും സംഭവിച്ചു. ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും തന്നെയായിരുന്നു കൃഷി നാശത്തിന് കാരണമായത്. ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലും കെടുതി സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി ഇന്‍ഷുറന്‍സ് തുകയോ നഷ്ടപരിഹാരമോ ലഭിക്കാറില്ലാത്തതും വാഴകൃഷിയില്‍നിന്ന് പിന്തിരിഞ്ഞു. ഇടുക്കിയില്‍നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ നേന്ത്രക്കായ കയറ്റി അയച്ചിരുന്നു.
ഇപ്പോള്‍ പേരിന് ചിലയിടങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതല്ലാതെ കൂടുതലും ഇറക്കുമതിയാണ്. വിലവര്‍ധന അനുഭവപ്പെട്ടതോടെ കര്‍ഷകര്‍ വീണ്ടും നേന്ത്രവാഴകൃഷിയിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊന്നത്തടി, രാജാക്കാട്, മാങ്കുളം, വാത്തിക്കുടി പഞ്ചായത്തുകളില്‍ ചിലയിടങ്ങൾ മാത്രമാണ് ഇപ്പോള്‍ ഏത്തവാഴ കൃഷിയുള്ളത്. പ്രദേശികമായി ഉല്പന്നത്തിന്റെ വിലയിലുണ്ടായ വര്‍ധനയാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ. ഓണസീസണ് ലക്ഷ്യംവെച്ചാണ് കൃഷി ഇറക്കുന്നത്. സാധാരണയില്‍ ഓണ സീസണാകുന്നതോടെ നേന്ത്രക്കായയുടെ വില കുത്തനെ കുറയുകയും കര്‍ഷകരുടെ പ്രതീക്ഷ അസ്തമിക്കുകയുമാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.